ആലപ്പുഴ : കെ.എസ്.ആർ.ടി.സി മുഖം തിരിച്ചതോടെ ,നഗരത്തിന്റെ സ്വപ്നപദ്ധതിയായ മൊബിലിറ്റി ഹബ് പാതിവഴിയിലായി. പദ്ധതി നടത്തിപ്പിനായി കിഎഫ്.ബിയും നിർവഹണ ഏജൻസിയായ ഇൻകെലുമായി ത്രികക്ഷി കരാർ ഒപ്പിടാൻ വിസമ്മതിക്കുന്നതും വളവനാട്ട് ബസ് ടെർമിനലിന്റെ നിർമ്മാണം പാതി വഴിയിൽ കെ.എസ്.ആർ.ടി.സിഅവസാനിപ്പിച്ചതുമാണ് മൊബിലിറ്റി ഹബ്ബ് സ്വപ്നത്തിൽ കരിനിഴൽ വീഴ്ത്തിയത്.
വാടക്കനാലിന്റെ തീരത്ത് നാലേക്കറിൽപ്പരം ഭൂമിയിൽ മൂന്നുവർഷം മുമ്പ് തുടക്കം കുറിച്ച പദ്ധതിയുടെ ഡ്രോയിംഗും വിശദമായ പദ്ധതിരേഖയും പൂർത്തീകരിക്കാത്തതും സർക്കാരിനും ട്രാൻസ്പോർട്ട് കോർപ്പറേഷനുമുള്ള താൽപ്പര്യക്കുറവിലേക്കാണ് വിരൽ ചൂണ്ടുന്നത്. കിഫ്ബിയിൽ നിന്നുള്ള ഫണ്ടുപയോഗിച്ച് ഇൻകെല്ലിന്റെ സഹായത്തോടെയാണ് മൂന്നുവർഷം മുമ്പ് 129 കോടി രൂപ ചെലവ് വരുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഇൻകെൽ സമർപ്പിച്ച ഡിസൈനിലും ഡി.പി.ആറിലും ആർട്ട് ആന്റ് ഹെറിറ്റേജ് കമ്മിഷൻ പല തവണ മാറ്റങ്ങൾ നിർദേശിച്ചു. കഴിഞ്ഞ മാർച്ചിൽ ഡിസൈൻ പരിഷ്കരിച്ച് ടൗൺ പ്ളാനറുടെ അനുമതിക്കായി സമർപ്പിച്ചിട്ട് മാസങ്ങളായി.
എട്ടുതവണ കത്തയച്ചിട്ടും കരാർ ഒപ്പിട്ടില്ല
1.കെ. എസ്.ആർ.ടി.സിയുടെ ടെക്നിക്കൽ കമ്മിറ്റി ഡി.പി.ആർ അംഗീകരിക്കുകയും കിഫ്ബിയുടെ സൂക്ഷ്മ പരിശോധന പൂർത്തിയാകുകയും ചെയ്താലേ ടെൻഡർ വിളിക്കാനാവുകയുള്ളൂ
2.ടെൻഡറിന് അനുമതിയായാൽ കെ.എസ്.ആർ.ടി.സിയുടെ ടെക്നിക്കൽ കമ്മിറ്റി അംഗീകരിക്കണം. കെ.എസ്.ആർ.ടി.സിയ്ക്കാകട്ടെ ടെക്നിക്കൽ കമ്മിറ്റി നിലവിലില്ല
3.ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നതിനും പദ്ധതിയ്ക്കായി ത്രികക്ഷി ധാരണാ പത്രം ഒപ്പിടുന്നതിനും ഇൻകെൽ എട്ടുതവണ കത്തെഴുതിയെങ്കിലും കോർപ്പറേഷനിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല
4.പദ്ധതിയുടെ ഭാഗമായി ബസ് ടെർമിനൽ വളവനാട്ടേക്ക് മാറ്രാൻ ഹൗസിംഗ് ബോർഡ് വക സ്ഥലത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു
മൊബിലിറ്റി ഹബ്ബിൽ ആസൂത്രണം ചെയ്ത പദ്ധതികൾ
കെഎസ്ആർടിസി ബസ് ടെർമിനൽ.
ജലഗതാഗത വകുപ്പ് ആസ്ഥാനവും ബോട്ട് ജെട്ടിയും
ഏഴുനില ബസ് ടെർമിനലിന് ചുണ്ടൻ വള്ളത്തിന്റെ മാതൃക
യാത്രക്കാർക്കായി 17 ബേകൾ.
താഴത്തെ നിലയിൽ കഫറ്റേരിയ
ശീതികരിച്ചതും അല്ലാത്തതുമായ കാത്തിരിപ്പു കേന്ദ്രങ്ങൾ
ഒന്നാംനിലയിൽ 37 വരി ബസ് പാർക്കിംഗ്
വാണിജ്യാവശ്യത്തിന് മൂന്നു നിലകളിലായി 32,628 ചതുരശ്രയടി
ഒറ്റമുറി വാടകസൗകര്യം,ഡോർമെറ്ററി
നാല് സ്റ്റാർ ഹോട്ടൽ,റെസ്റ്റോറന്റുകൾ
ഹെൽത്ത് ക്ലബ്ബ്,മൾട്ടിപ്ലക്സ് തിയേറ്റർ,ഫുഡ് കോർട്ട്
58000
ചതുരശ്രയടി ബസ് ടെർമിനൽ
ഹെറ്റിറ്റേജ് മാതൃകയിൽ നടപ്പാക്കേണ്ടതിനാൽ പ്ളാനിൽ ചില മാറ്റങ്ങൾ നിർദേശിച്ചിരുന്നു. അതനുസരിച്ച് പരിഷ്കാരങ്ങൾ വരുത്തി പ്ളാൻ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് സാങ്കേതിക നടപടികൾ പൂർത്തിയാക്കിയാലേ ടെൻഡറിലേക്ക് കടക്കാൻ കഴിയൂ
-ടൗൺ പ്ളാനിംഗ് ഓഫീസ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |