ആലപ്പുഴ : എം.പിയും ജില്ലാകളക്ടറും വിളിച്ചുചേർത്ത യോഗത്തിൽ ദേശീയപാത അതോറിട്ടി
നൽകിയ ഉറപ്പുകളെല്ലാം കാറ്റിൽപ്പറന്നതോടെ അരൂർ - തുറവൂർ എലിവേറ്റ‌് ഹൈവേ നിർമ്മാണപ്രദേശത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായി.
കനത്ത മഴയിൽ ചെളിക്കുണ്ടായ ദേശീയപാതയിൽ ചന്തിരൂരിൽ ഇന്നലെ വാഴക്കുല കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞതുൾപ്പെടെ രണ്ട് ദിവസങ്ങൾക്കുള്ളിൽ ചെറുതുംവലതുമായി അരഡസനിലധികം അപകടങ്ങളാണ് ഉണ്ടായത്. എലിവേറ്റ‌് ഹൈവേ നിർമ്മാണപ്രദേശം ചെളിക്കുണ്ടായതോടെ കെ.എസ്.ആർ.ടിസി ബസുൾപ്പടെയുള്ള വാഹനങ്ങൾ ചെളിയിൽ താഴ്ന്നു. ചെളിയും വെള്ളവും നിറഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങളും കാറുകളും അപകടത്തിൽപ്പെടുന്നത് പതിവാണ്.
ചേർത്തല - വൈറ്റില റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ, എറണാകുളം- കൊല്ലം എ.സി ലോ ഫ്ളോർ, ഇന്നോവയുൾപ്പെടെ രണ്ട്കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിങ്ങനെ രണ്ട് ദിവസത്തിനുള്ളിൽ അപകടത്തിൽപ്പെട്ട
വാഹനങ്ങളുടെ നിര വലുതാണ്. ദിവസം മുമ്പ് ചെളിയിൽ താഴ്ന്ന കാർ പുറത്തെടുക്കാൻ കഴിയാത്തവിധം ഇപ്പോഴും അവിടെ കിടപ്പുണ്ട്.
മണ്ണും ചെളിയും നീക്കത്തത് ദുരിതം
1. ദേശീയപാതയിൽ ചന്തിരൂർ മുതൽ അരൂർ വരെയാണ് ചെളിക്കുണ്ടായത്. നിർമ്മാണസാമഗ്രികളുമായെത്തുന്ന ഭാരവാഹനങ്ങളുടെ നിരന്തര സഞ്ചാരവും ഉയരപ്പാതയ്ക്കായി നടത്തിയ പൈലിംഗിന്റെ ചെളിയും മണ്ണും നീക്കാത്തതുമാണ് കാരണം
2.നിർമ്മാണ സ്ഥലത്തെ സൂചനാബോർഡുകൾ ഗൗനിക്കാതെയുള്ള അമിത വേഗതയും ഓവർടേക്കിംഗും വാഹനങ്ങളെ അപകടത്തിലാക്കും. രണ്ടുവരിയായി തോന്നുംവിധമുള്ള ഡ്രൈവിംഗിനിടെ കുഴികളിൽ അകപ്പെടുകയാണ് വട്ടഹനങ്ങളിൽ അധികവും
3. ചെളിയിൽ താഴ്ന്നുപോയ വാഹനങ്ങൾ ഉയർത്തുന്നത് ഏറെ ദുഷ്കരമാണ്. ദേശീയപാതയിലെ ചെളിയും വെള്ളവും ബൈറോഡുകളിലേക്ക് വ്യാപിച്ചതോടെ ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രയും ദുരിതത്തിലായി
4. എരമല്ലൂർ മുതൽ അരൂർ പള്ളി ജംഗ്ഷൻവരെ റോഡിന് ഇരുവശവും വാഹനം കാത്തുനിൽക്കാനോ കാൽനടയോ ഇരുചക്രവാഹന യാത്രയോ കഴിയാത്ത സ്ഥിതിയാണ്
ദുരന്തനിവാരണത്തിന് തലവനില്ല
കാലവർഷക്കെടുതിയും കടലാക്രമണവും ദേശീയപാതയിലെ അപകടസാഹചര്യവുമെല്ലാം ചേർന്ന് ജില്ല ഭീതിയായിരിക്കെ, ജില്ലാദുരന്ത നിവാരണ അതോറിട്ടി നാഥനില്ലാക്കളരിയായി തുടരുകയാണ്. ദുരന്ത നിവാരണ അതോറിട്ടിയുടെചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കളക്ടർ അവധിയിലാണ്. മണ്ണില്ലാതെ ദേശീയപാത നിർമ്മാണം തടസപ്പെട്ടതും നിർമ്മാണ സ്ഥലങ്ങളിലെ അപകടകരമായ സാഹചര്യവുമെല്ലാം മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ബോദ്ധ്യപ്പെടുത്താൻ കളക്ടർ അലക്സ് വർഗീസ് നേരിട്ട് തലസ്ഥാനത്തെത്തി.
ചന്തിരൂർ- അരൂർ റൂട്ടിൽ റോഡിലെ ചെളിയും വെള്ളവും നീക്കം ചെയ്യാനും അപകടങ്ങൾ ഒഴിവാക്കാനും അടിയന്തര നടപടി കൈക്കൊള്ളണം. ഇവിടങ്ങളിൽ പൊലീസിനെ നിയോഗിക്കണം
- നിസാർ ചന്തിരൂർ, ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |