ആലപ്പുഴ : "കളിവള്ളം തുഴയുന്ന നീലപൊന്മാൻ" 70ാമത് നെഹ്റുട്രോഫിയുടെ ഭാഗ്യചിഹ്നമാകും.നടൻ കുഞ്ചാക്കോ ബോബനാണ് ഭാഗ്യചിഹ്നപ്രകാശനം നിർവഹിച്ചത്. ഗ്രാഫിക് ഡിസൈനറായ പത്തനംതിട്ട റാന്നി സ്വദേശി കെ.വി.ബിജിമോളാണ് ചിഹ്നം തയ്യാറാക്കിയത്. നെഹ്റുട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭാഗ്യചിഹ്നമത്സരത്തിൽ ഒരു വനിത വിജയിയാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 212എൻട്രികളിൽ നിന്നാണ് മാവേലിക്കര രാജാരവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സ് അദ്ധ്യാപകരായ വി.ജെ.റോബർട്ട്, വി.ഡി.ബിനോയ്, ആർട്ടിസ്റ്റ് വിമൽ റോയ് എന്നിവരടങ്ങുന്ന പാനൽ ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.
ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എ.ഡി.എം വിനോദ് രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയായി. 'നീലപൊൻമാൻ' എന്ന പേരിൽ മുത്തശ്ശൻ കുഞ്ചാക്കോ 1975ൽ സിനിമ നിർമ്മിച്ചിട്ടുള്ളതിാൽ വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊൻമാൻ ആയത് ഇരട്ടി സന്തോഷം നൽകുന്നതാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ആ രംഗം ഇന്ന് ഓർക്കുമ്പോൾ പേടി : കുഞ്ചാക്കോ ബോബൻ
സിബി മലയിൽ സംവിധാനം ചെയ്ത ജലോത്സവം ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടൻ വള്ളത്തിൽ കയറിയതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. വള്ളത്തിന്റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു. ആലപ്പുഴക്കാരൻ എന്ന ആവേശത്തിൽ രംഗം ഭംഗിയായി ചിത്രീകരിച്ചു. അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസിലായത്. ഇതിനുശേഷം വിവിധ സിനിമകളിലായി കുട്ടനാടൻ പശ്ചാത്തലത്തിൽ പല രംഗങ്ങളിലും അഭിനയിച്ചു. കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങൾ മികച്ചതാക്കാനായതെന്ന് മുത്തശ്ശൻ കുട്ടനാട്ടുകാരനാണെന്ന് ചൂണ്ടിക്കാട്ടി കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |