ചേർത്തല: ഓണക്കാലത്ത് ചേർത്തലക്കാരുടെ കുടിവെള്ളം മുടക്കി വീണ്ടും പൈപ്പുപൊട്ടൽ.
14ന് ഉത്രാടദിനം വരെ വെള്ളവിതരണം മുടങ്ങും. ദേശീയപാതയോരത്ത് പതിനൊന്നാം മൈലിന് സമീപമാണ് പ്രധാന വിതരണ കുഴൽ പൊട്ടിയത്. മുഹമ്മ,കഞ്ഞിക്കുഴി,ചേർത്തലതെക്ക്,മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിൽ പൂർണമായും ചേർത്തല നഗരസഭ,തണ്ണീർമുക്കം,പള്ളിപ്പുറം എന്നിവിടങ്ങളിൽ ഭാഗികമായുമാണ് വെള്ളവിതരണം മുടങ്ങുന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കുഴൽ പൊട്ടിയത്.തൈക്കാട്ടുശേരി ഹെഡ് വർക്ക് വിഭാഗം നേരിട്ടാണ് ഇതിന്റെ പ്രവൃത്തികൾ ചെയ്യുന്നത്.എന്നാൽ, അതോറിട്ടിയിൽ ഉദ്ധ്യോഗസ്ഥ സ്ഥലം മാറ്റം നടക്കുന്നതും നിർമ്മാണ ചുമതലയുള്ള അസി. എൻജിനിയറുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നതും പ്രതിസന്ധിയാകുന്നുണ്ട്.
അപ്രതീക്ഷിതമായ തകരാറായതിനാൽ ഉപഭോക്താക്കൾക്കു വെളളം ശേഖരിച്ചു വയ്ക്കാനായിട്ടില്ല. ഓണഒരുക്കങ്ങൾക്കിടയിലുണ്ടായ കുടിവെള്ള പ്രതിസന്ധി ജനങ്ങളെ വട്ടംകറക്കിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണി നടത്തി വെളളവിതരണം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
അറ്റകുറ്റപണികൾ രാവിലെ തന്നെ തുടങ്ങിയിട്ടുണ്ട്.കഴിവതും വേഗത്തിൽ പൂർത്തിയാക്കി ഉത്രാടത്തിന് ഉച്ചയോടെയെങ്കിലും വെളളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ
- ജലഅതോറിട്ടി അധികൃതർ
മുടക്കം പതിവ്
മാസത്തിൽ മൂന്നും നാലും തവണ കുഴൽ പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവായി ചേർത്തക്കാർ അനുഭവിച്ചു വരുകയാണ്. മാസത്തിൽ 20 ദിവസം പോലും കൃത്യമായി കുടിവെള്ളം വിതരണം ചെയ്യാൻ ജല അതോറിട്ടിക്ക് കഴിയുന്നില്ല. കുഴൽ പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ ജലഅതോറിറ്റിക്ക് കഴിയാത്തത് വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ ജൂലായ് ആദ്യവാരം പള്ളിപ്പുറം വടക്കുകരയിൽ കുടിവെള്ള കുഴലിൽ ചോർച്ചയുണ്ടായി ആഴ്ചകൾക്ക് ശേഷമായാണ് നഗരത്തിലും ആറുപഞ്ചായത്തുകളിലും കുടിവെള്ളം പുനസ്ഥാപിക്കാനായത്. പൊതുജനങ്ങളിൽ നിന്ന് ഉൾപ്പെടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മന്ത്രി പി.പ്രസാദിന്റെ ഇടപെടലിലാണ് കുടിവെള്ളം പുനസ്ഥാപിച്ചത്. കുടിവെള്ളം മുടങ്ങി 4ദിവസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നില്ല.തുടർന്നായിരുന്നു മന്ത്രി ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |