തുറവൂർ: പട്ടാപ്പകൽ കാൽ നടയാത്രക്കാരിയായ വയോധികയുടെ സ്വർണ്ണമാല സ്കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ചെടുത്ത് കടന്നു. തുറവൂർ പഞ്ചായത്ത് 4-ാം വാർഡ് ആലയ്ക്കാപറമ്പ് കോലോത്തുപറമ്പ് വീട്ടിൽ ആനിയുടെ (68) രണ്ട് പവന്റെ മാലയാണ് കവർന്നത്. തുറവൂർ മഹാക്ഷേത്രത്തിന്റെ തെക്കേ മതിലിനരികിലെ റോഡിൽ ദേവസ്വം ഗസ്റ്റ് ഹൗസിന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തെ വീട്ടുജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് രോഗിയായ ആനി നടന്നു പോകുന്നതിനിടെയാണ് സ്കൂട്ടറിലെത്തിയാൾ മുതുകിൽ പുഴു ഇരിക്കുന്നുവെന്ന് പറഞ്ഞത്. ഇതുകേട്ട് അവർ പുറകിലോട്ടു തിരിയുന്നതിനിടെ മാലപൊട്ടിക്കുകയായിരുന്നു. വൃദ്ധയുടെ കരച്ചിൽ കേട്ട് ക്ഷേത്ര ഊട്ടുപുരയിലെ പാചകക്കാരൻ മുരളി മോഷ്ടാവിനെ തടയാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ വെട്ടിച്ചു മാറ്റി അതിവേഗത്തിൽ ദേശീയപാതയിലേക്ക് കടന്നു കളഞ്ഞു. റോഡിൽ വീണ് പരിക്കേറ്റ ആനിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയതോട് പൊലീസ് തുറവൂർ ഭാഗത്ത് തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |