ആലപ്പുഴ : ജോലിയും കൂലിയും സംബന്ധിച്ച് ട്രേഡ് യൂണിയനുകളും കരാർ കമ്പനിയും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാതെ തുടരവേ കോടതിപ്പാലം നവീകരണ പദ്ധതിയുടെ ഭാഗമായുള്ള മാതാ ബോട്ട് ജെട്ടിയിലെ താൽക്കാലിക ബോട്ട് ജെട്ടി നിർമ്മാണം അനിശ്ചിതത്വത്തിലായി. മൂന്നാം ദിവസവും നിർമ്മാണം തടസപ്പെട്ടു. നാളെ കരാർ കമ്പനി പ്രതിനിധികളും യൂണിയൻ പ്രതിനിധികളും വിഷയം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് സൗത്ത് സി.ഐക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലെ സ്ഥിതി വിലയിരുത്തിയശേഷം വേണ്ടിവന്നാൽ നിയമ നടപടിക്ക് ഒരുങ്ങാനാണ് കരാർ കമ്പനിയുടെ നീക്കം.
കരാർ തൊഴിലാളികൾക്കൊപ്പം സി.ഐ.ടി.യു- ബി.എം.എസ് യൂണിയനുകളിൽപ്പെട്ട നാല് അവിദഗ്ദ്ധ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്നും ജോലി ചെയ്ത രണ്ട് ദിവസത്തെ വേതനം നൽകണമെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ട്രേഡ് യൂണിയനുകൾ.
തർക്കവും പരിഹാരവും
പ്രാദേശികമായി യൂണിയൻ തൊഴിലാളികൾക്ക് കൂടി ജോലി നൽകണമെന്ന ആവശ്യം കരാർ കമ്പനി നിരാകരിച്ചതാണ് സമരത്തിലേക്ക് നീങ്ങാനിടയാക്കിയത്
കരാർ കമ്പനിയുടെ തൊഴിലാളികൾക്കൊപ്പം സി.ഐ.ടി.യു - ബി.എം.എസ് യൂണിയനുകളിലെ രണ്ടുപേർ ജോലിക്ക് കയറുകയും കൂടുതൽ കൂലി ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നുണ്ടായ തർക്കം നിർമ്മാണം തടസപ്പെടുത്തി
കരാർ കമ്പനിയുടെ പത്ത് തൊഴിലാളികളാണ് നിർമ്മാണത്തിനുള്ളത്. പ്രതിദിനം 1000 രൂപയാണ് ഇവർക്ക് ശമ്പളം. ലേബർ വകുപ്പ് അംഗീകരിച്ച അവിദഗ്ദ തൊഴിലാളികളുടെ ശമ്പളമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നാണ് യൂണിയനുകളുടെ നിലപാട്
അത് നൽകാനും നാല് തൊഴിലാളികൾക്ക് തൊഴിലിനും കരാർ കമ്പനി തയ്യാറായാൽ പ്രശ്നം പരിഹരിക്കാമെന്ന് യൂണിയൻ നേതാക്കൾ. വൈദഗ്ദ്യമില്ലാത്തവർക്ക് ഇത്രയും കൂലി നൽകാൻ കഴിയില്ലെന്ന് കരാറുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |