ആലപ്പുഴ : ഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ സംസ്ഥാനത്ത് തേങ്ങയുടെ വില കുതിച്ചുയർന്നു. കിലോഗ്രാമിന് ഇരട്ടിയോളമാണ് വില വർദ്ധിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തുന്ന തേങ്ങയ്ക്ക് കിലോഗ്രാമിന് 60-65 വരെയായപ്പോൾ നാടൻതേങ്ങയ്ക്ക് ചിലയിടങ്ങളിൽ വില കിലോയ്ക്ക് 75-80 വരെയായി.
മുൻവർഷങ്ങളിലൊന്നും പച്ചത്തേങ്ങയുടെ വില ഇത്രയധികം ഉയർന്നിട്ടില്ല. 2017ൽ കിലോയ്ക്ക് 42- 43രൂപ വരെ ലഭിച്ചിരുന്ന തേങ്ങയുടെ വില 2021അവസാനമായപ്പോഴേക്കും 21ലേക്ക് താഴ്ന്നിരുന്നു. കുറെക്കാലം ശരാശരി 25രൂപയായിരുന്നു കിലോയ്ക്ക് വില. ഈവർഷം ആദ്യം 30രൂപ കടന്നെങ്കിലും ഒമ്പതുമാസമെടുത്താണ് താങ്ങുവിലയായ 34 കടന്നത്. എന്നാൽ, ഓണംകഴിഞ്ഞ് കഷ്ടിച്ച് ഒരുമാസം കഴിഞ്ഞപ്പോഴേക്കും വില ഇരട്ടിയിലധികമായി.
വിലകൂടിയതോടെ പച്ചത്തേങ്ങ കിട്ടാതെയുമായി. 2022-23, 2023-24 വർഷങ്ങളിൽ തേങ്ങ ഉത്പാദനത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്.
തമിഴ്നാട്ടിലെ പ്രധാന തേങ്ങ ഉത്പാദന കേന്ദ്രമായ കന്യാകുമാരിയിലും തേങ്ങവില ഉയർന്നു. നാഗർകോവിൽ മാർക്കറ്റിൽ ഒരു കിലോ തേങ്ങയ്ക്ക് 50–55 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.
നാഗർകോവിലിന് സമീപം ഈത്താമൊഴിയിൽ ഉത്പാദിപ്പിക്കുന്ന തേങ്ങയ്ക്കാണ് കേരളത്തിൽ കൂടുതൽ ആവശ്യക്കാരുളളത്. ഇതുകൂടാതെ കന്യാകുമാരി, രാജാക്കമംഗലം, പുത്തളം, തെങ്ങംപുതൂർ എന്നിവിടങ്ങളിൽ നിന്നും കുടംകുളത്തുനിന്നുമാണ് കേരളത്തിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. ശബരിമല സീസൺ കൂടിയെത്തുന്നതോടെ വില വീണ്ടും കുതിച്ചുയർന്നേക്കും.തേങ്ങയ്ക്ക് വില കൂടിയതോടെ കൊപ്ര ഉതാപ്പാദനവും പലരും നിർത്തി. വെളിച്ചെണ്ണ മില്ലുകാരും ഉത്പാദനം കുറച്ചിട്ടുണ്ട്.
വെളിച്ചെണ്ണവിലയും കുതിച്ചു
തേങ്ങയ്ക്കും കൊപ്രയ്ക്കും വിലകൂടിയതോടെ വെളിച്ചെണ്ണ വിലയും വർദ്ധിച്ചു
ഒരുമാസംകൊണ്ട് ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 50-60 രൂപയാണ് വർദ്ധിച്ചത്
ഓണക്കാലത്ത് വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 210-220 രൂപയായിരുന്നു വില
ഇപ്പോഴത് ലിറ്ററിന് 260-280 വരെയായി വില വർദ്ധിച്ചു
കേരളത്തിൽ തെങ്ങ് കൃഷി
760.35 ഹെക്ടറിൽ
തേങ്ങയ്ക്ക് ക്ഷാമം നേരിടുകയും വില കൂടുകയും ചെയ്തതോടെ വെളിച്ചെണ്ണ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണ്. 132 രൂപയാണ് ഇപ്പോൾ ഒരു കിലോ കൊപ്രയുടെ വില. ഇതനുസരിച്ച് ലിറ്ററിന് 250 രൂപ നിരക്കിലേ വെളിച്ചെണ്ണ വിൽക്കാൻ കഴിയുകയുള്ളൂ
- വെളിച്ചെണ്ണ ഉത്പാദകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |