ആലപ്പുഴ : കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വീയപുരം പൊലീസ് സ്റ്റേഷനിൽ ജീവൻ പണയംവച്ച് ജോലി ചെയ്യുകയാണ് ഉദ്യോഗസ്ഥർ. 37വർഷമായി വാടക കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം. സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ആരംഭിച്ചെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് മുടങ്ങി.
സ്റ്റേഷന്റെ മുൻഭാഗത്ത് റോഡ് കാടുപിടിച്ച് കിടക്കുന്നതിനാൽ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. മുൻഭാഗത്ത് മതിൽ ഇല്ലാത്തതിനാൽ പ്ളാസ്റ്റിക് നെറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്.
1987ലാണ് വീയപുരം പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ആദ്യം വീയപുരം പാലത്തിന് താഴെ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ചെറിയ വീട്ടിലായിരുന്നു പ്രവർത്തനം. പിന്നീട് ഈരത്തോട് ഭാഗത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഇപ്പോൾ ഏറെ നാളായി വീയപുരം ജംഗ്ഷന് സമീപത്തെ വാടക വീട്ടിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പ്രളയകാലത്ത്ഫയലുകൾ വെള്ളത്തിൽ മുങ്ങി കുതിർന്ന അവസ്ഥയുണ്ടായി.
പൂർത്തിയാകാതെ കെട്ടിടം നിർമ്മാണം
സ്റ്റേഷനായി പായിപ്പാട് ജലോത്സവ പവലിയന് തെക്കേക്കരയിൽ 30സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് ആഭ്യന്തര വകുപ്പിന് കൈമാറി
രണ്ട് വർഷം മുമ്പ് സർക്കാർ അനുവദിച്ച 2.5കോടി രൂപ ഉപയോഗിച്ച് മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം ആരംധിച്ചു
വെള്ളം കയറാതിരിക്കാൻ ഒരുവാഹനത്തിന്റെ ഉയരത്തിൽ പ്ളാറ്റ് ഫോം വാർത്താണ് മൂന്ന് നിലകെട്ടിടം
രണ്ട് നിലകളിലായി വിശ്രമമുറി, ഓഫീസ്, ബാത്ത്റൂം, പരാതിക്കാർക്കുള്ള ഇരിപ്പിടം എന്നിവ ഒരുക്കും
മൂന്നാംനില അത്യാവശ്യ ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പിനായി ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് നിർമ്മാണം
കേസുകൾ
(പ്രതിവർഷം)...............1100
വാഹനങ്ങൾ
ജീപ്പ്................................രണ്ട്
സ്പീഡ് ബോട്ട്.................ഒന്ന്
ജീവനക്കാർ...............34
മൂന്നര പതിറ്റാണ്ടിലധികമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വീയപുരം പൊലീസ് സ്റ്റേഷൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കണം. പായിപ്പാട് നിർമ്മിക്കുന്ന കെട്ടിടം പൂർത്തികരിക്കാൻ അടിയന്തരമായി ഫണ്ട് അനുവദിക്കണം.
- ടി.മുരളി, ജോയിന്റ് സെക്രട്ടറി, പായിപ്പാട് ജലോത്സവ സമിതി
(ലേഖകന്റെ ഫോൺ: 9946108398)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |