ആലപ്പുഴ : ജില്ലാകോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് 11ന് ആരംഭിക്കും. സമീപ കെട്ടിടങ്ങൾക്ക് ബലക്ഷയം ഉണ്ടാകത്ത തരത്തിൽ ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ചായിരിക്കും പൈലിംഗ്. ഇതിനായി ആധുനിക യന്ത്രമായ പൈലിംഗ് റിംഗ് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. പൈലിംഗിന് മുന്നോടിയായി വൈ.എം.സി.എ ജംഗ്ഷന് കിഴക്ക് ബിസ്‌മിഹൈപ്പർ മാർക്കറ്റ് മുതൽ ജില്ലാകോടതി പാലംവരെയുള്ള ഭാഗത്തെ ഗതാഗതം 8 മുതൽ നിരോധിക്കും. കോടതി പാലം പൊളിക്കുന്ന ജോലികൾ മുല്ലക്കൽ ചിറപ്പിന് ശേഷമേ ആരംഭിക്കൂ.
പാലത്തിന്റെ ഇരുകരകളിലുമായി നാൽക്കവലയോടുള്ള രൂപരേഖയാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. താത്കാലിക ബോട്ട് ജെട്ടിയുടെ നിർമ്മാണം 15ന് മുമ്പ് പൂർത്തിയാക്കും. പൊലീസ് കൺട്രോൾ റൂമിന് സമീപം താത്കാലിക പാലം ഉടൻ നിർമ്മിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. 120.52കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയാണ് തുക അനുവദിച്ചത്. നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകും.
ഗതാഗത നിയന്ത്രണം 8 മുതൽ
1. പ്രാരംഭഘട്ടത്തിൽ വാടക്കനാലിന്റെ വടക്കേകര വഴി എസ്.ഡി.വി സ്കൂൾ വഴി മണ്ണഞ്ചേരി ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ, തോടിന്റെ തെക്കുവശത്തെ നിലവിലെ റോഡിലൂടെ കടത്തിവിടും. ഇതിനായി കോടതി പാലത്തോട് ചേർന്നുള്ള മുല്ലക്കൽ ജംഗ്ഷനിലെ മീഡിയൻ നീക്കം ചെയ്യും
2.പാലത്തിന് ആവശ്യമായ 168 പൈലുകൾ ആറുമാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. വൈ.എം.സി.എ ഭാഗത്തേക്കും പുന്നമട ഭാഗത്തേക്കും നാല് സ്പാനുകൾ വീതമുള്ള മേൽപ്പാലങ്ങളാണ് നിർമ്മിക്കുന്നത്
3.ഒരുഭാഗത്തേയ്ക്ക് 100മീറ്റർ നീളവും അഞ്ച് വീതം പൈൽപോയിന്റുകളുമാണുള്ളത്. ഓരോ പോയിന്റിനും മൂന്ന് പൈലുകൾ വീതം വേണ്ടിവരും. കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് 175 മീറ്ററും വൈ.എം.സി.എ ഭാഗത്തേക്ക് 100 മീറ്ററും വീതമാണ് മേൽപ്പാലം
4.ഒഴിപ്പിക്കലിനെതിരെ വ്യാപാരികൾ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചെങ്കിലും 11ലേക്ക് മാറ്റി.നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സർക്കാർ പുറമ്പോക്കിലുള്ള 16 കടക്കാരാണ് ഹർജിനൽകിയത്
ജില്ലാക്കോടതിപ്പാലത്തിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് 11ന് ആരംഭിക്കും. വ്യാപാരികളുടെ ഹർജിയിൽ തീർപ്പ് ഉണ്ടായാലുടൻ തെക്കേക്കരയിലെയും പൈലിംഗ് ആരംഭിക്കും
-ജയകുമാർ, അസി.എൻജിനിയർ, കെ.ആർ.എഫ്.ബി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |