ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ജനപ്രതിനിധികൾ ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന സംഭവം കോടതി കയറിയതിന് പിന്നാലെ കഴിഞ്ഞ ദിവസം കടപ്പുറം വനിതാ ശിശു ആശുപത്രിയിലും അതിക്രമങ്ങൾ നടന്നു. ആതുരാലയങ്ങൾ വിവാദത്തിലാകുന്നത് പതിവായതോടെ പൊതുജനങ്ങൾക്കിടിലും ആശങ്കകൾ ഉയരുന്നുണ്ട്. ജനറൽ ആശുപത്രിയിൽ രോഗീ പരിചരണത്തിൽ ഡോക്ടർ ശ്രദ്ധ പുലർത്തിയില്ലെന്നതായിരുന്നു ജനപ്രതിനിധികൾ ഉയർത്തിയ പരാതി. കടപ്പുറം ആശുപത്രിയിലാവട്ടെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് നിന്ന് രക്തം വരുന്ന തരത്തിൽ പലതവണ ഇൻഞ്ചെക്ഷനെടുക്കാൻ വേണ്ടി കുത്തിയെന്നാണ് കുഞ്ഞിന്റെ അമ്മയും മുത്തച്ഛനും ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. അതേ സമയം ജോലി തടസ്സപ്പെടുത്തിയെന്ന ആശുപത്രി അധികൃതകരുടെ പരാതിയിൽ നടപടിയുണ്ടാവുകയും ചെയ്തതോടെ, ആശുപത്രി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്.
സി.പി.ഐ പ്രതിഷേധം ഇന്ന്
ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ പരാതിയിൽ നിന്ന് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കുകയും, വൈസ് ചെയർമാനെ ഒന്നാം പ്രതിയാക്കുകയും ചെയ്ത വിഷയത്തിൽ പ്രതിഷേധം പുതിയ തലത്തിലേക്ക് കടക്കുന്നു. ഭരണ മുന്നണിയിലെ ഇരു കക്ഷികൾ തമ്മിലുള്ള പരസ്യ പോരിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ വഞ്ചനയ്ക്കും, ആശുപത്രി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്നതിനും എതിരെ സി.പി.ഐ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് നാലിന് ജില്ലാ കോടതി പാലത്തിന് സമീപം നടക്കുന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |