ആലപ്പുഴ: സംസ്ഥാന ശാസ്ത്രമേളയെ വരവേൽക്കാനൊരുങ്ങി ആലപ്പുഴ. മേളയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. 5,000 ത്തോളം വിദ്യാർത്ഥികൾ 180 ഓളം ഇനങ്ങളിൽ മേളയിൽ പങ്കെടുക്കും. മേളയോട് അനുബന്ധിച്ച് നാളെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പതാകദിനം, സ്‌പെഷ്യൽ അസംബ്ലി, ശാസ്‌ത്രോത്സവ പതാക ഉയർത്തൽ എന്നിവ സംഘടിപ്പിക്കും. 14ന് രാവിലെ 9ന് പ്രഗത്ഭ നാട്ടുവൈദ്യൻ ഇട്ടി അച്യുതൻ വൈദ്യരുടെ കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിക്കുന്ന പതാകജാഥയും ഹരിത വിപ്ലവ നായകനായിരുന്ന ഡോ. എം.എസ്.സ്വാമിനാഥന്റെ തറവാട്ടിൽ നിന്നും ആരംഭിച്ച ദീപശിഖറാലിയും ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും. ശാസ്‌ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതി ഏർപ്പെടുത്തിയ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫിയും സ്വീകരണങ്ങൾക്ക് ശേഷം ശതാബ്ദി മന്ദിരത്തിലെത്തും . തുടർന്ന് ഉച്ചകഴിഞ്ഞ് 3ന് സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭിയ്ക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ വിളംബര ഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സമാപിക്കും. സ്‌കൂൾ അങ്കണത്തിൽ മന്ത്രി വി.ശിവൻകുട്ടി മേളയ്ക്ക് തിരി തെളിക്കും.
വേദികളിലെത്താൻ റൂട്ട് മാപ്പ്
1.ശാസ്‌ത്രോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കും
2.വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സൗകര്യം നൽകിയ കണിച്ചുകുളങ്ങര ക്ഷേത്രം വക ചിക്കര കേന്ദ്രത്തിലും നഗരത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലുമായി താമസ സൗകര്യം ഒരുക്കും
3.താമസ സ്ഥലത്ത് നിന്ന് വേദികളിലെത്താൻ റൂട്ട് മാപ്പ് സ്‌കാൻ ചെയ്ത് നൽകും. ഒരു ദിവസം ശരാശരി 1500 വിദ്യാർത്ഥികൾക്കും അനുഗമർക്കും താമസ സ്ഥലത്തു നിന്ന് വേദികളിൽ എത്താൻ വാഹനം സജ്ജമാക്കിയിട്ടുണ്ട്
4. ലജനത്തുൽ മുഹമ്മദീയ സ്‌കൂളിലെ പാചകപ്പുരയിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണക്രമീകരണം
വേദികൾ 5
സെന്റ് ജോസഫ് ഹൈസ്‌കൂൾ
ലിയോ തേർട്ടീന്ത് സ്‌കൂൾ
ലജ്ജനത്തുൽ മുഹമ്മദീയ ഹൈസ്‌കൂൾ
എസ്.ഡി.വി.ബോയ്‌സ്,ഗേൾസ് സ്‌കൂളുകൾ
ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ട്
കലാപരിപാടികൾ മാറ്റുകൂട്ടും
15 ന് വൈകിട്ട് 5ന് ഇപ്റ്റ നാട്ടരങ്ങ്. 16ന് ഉച്ചയ്ക്ക് 2 മുതൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ് ജിയുടെ ശാസ്ത്രദർശൻ വരയരങ്ങ്. വൈകിട്ട് 7.30ന് സെന്റ് ജോസഫ്‌സ് എച്ച്.എസിൽ കേരള കലാമണ്ഡലത്തിന്റെ രംഗ്മാല. 17ന് വൈകിട്ട് 5ന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്.
വൊക്കേഷണൽ എക്‌സ്‌പോ
നൈപുണ്യ വികസനാർത്ഥം വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവന പ്രവർത്തനങ്ങളുടെയും പ്രദർശനമാണ് വൊക്കേഷണൽ എക്‌സ്‌പോ. ഏഴ് റീജിയണുകളിലായി 84 ടീമുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ പങ്കെടുക്കും. പ്രദർശനത്തോടൊപ്പം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉണ്ടാകും.
മെഡിക്കൽ ടീം സജ്ജം
മേളകൾ നടക്കുന്ന എല്ലാ വേദികളിലും പ്രഥമ ശുശ്രൂഷയ്ക്ക് ഡോക്ടർമാരും നേഴ്‌സിംഗ് വിഭാഗവും അടക്കമുള്ള ടീമിനെനിയോഗിച്ചു. പൊലീസ്-അഗ്നി സുരക്ഷാസേന സേവനം എല്ലാ വേദികളിലും ലഭ്യമാണ്. മികച്ച റിപ്പോർട്ടിംഗിന് പ്രത്യേക മെമന്റോ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |