കായംകുളം : കലോത്സവത്തിന്റെ ഉദ്ഘാടന വേദിയെ ഇളക്കിമറിച്ച് മുഹമ്മദ് യാസീൻ. ഭിന്നശേഷിക്കാരനായ മുഹമ്മദ് യാസീന്റെ കീബോർഡ് വാദനത്തിന്റെ ലഹരിയിൽ സദസിലുണ്ടായിരുന്ന യു.പ്രതിഭ എം.എൽ.എ ഉൾപ്പടെയുള്ളവർ ചുവടു വച്ചു. "ഹേ ബനാനേ..." എന്നുതുടങ്ങുന്ന പാട്ട് വീണ്ടും വായിക്കാൻ എം.എൽ.എ ആവശ്യപ്പെട്ടു. തുടർന്ന് വേദിയും സദസും ഒന്നാകെ പാട്ടിനൊപ്പം ചുവടുവച്ചു. സഹോദരൻ അൽ അമീനും നൃത്തചുവടുകളുമായി ചേർന്നതോടെ വേദിയിലെ എസ്.പി.സി കുട്ടികളും ഒപ്പംകൂടി.
കൈകാലുകൾക്ക് ജന്മനാപരിമിതിയുള്ള യാസീൻ, കണ്ണുകെട്ടി കീ ബോർഡ് വായിച്ചാണ് വൈറലായത്. ഒപ്പം നൃത്തവും ചെയ്യും. കായംകുളം പ്രയാർ വടക്ക് എസ്.എസ് മൻസിലിൽ ഷാനവാസിന്റെയും ഷൈലയുടെയും മകനാണ് യാസീൻ.
യു.പ്രതിഭ എം.എൽ.എയിൽ നിന്ന് ആരവ് ഏറ്റുവാങ്ങാനാണ് യാസീൻ കലോത്സവ വേദിയിലെത്തിയത്. കൊവിഡ് കാലത്ത് പിതാവ് വാങ്ങികൊടുത്ത 250 രൂപയുടെ ചെറിയ പിയാനോയിൽ നിന്നായിരുന്നു യാസീന്റെ തുടക്കം. ഇപ്പോൾ ഏത് പാട്ടും
കീ ബോർഡിൽ വായിക്കും. നിരവധി ടെലിവിഷൻ പരിപാടികളിലും വേദികളിലും കലാവിരുന്ന് അവതരിപ്പിച്ചിട്ടുള്ള യാസീൻ സമൂഹമാദ്ധ്യമങ്ങളിലെ വൈറൽ താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |