ആലപ്പുഴ: ഇൻഡോർ പ്ളാന്റുകളെപ്പോലെ കൊടു വെയിലും മഴയുമൊന്നുമേൽക്കാതെ പ്രത്യേക പരിചരണത്തിൽ വളർത്തിയെടുക്കുന്ന അന്യദേശക്കാരായ ഹൈബ്രീഡ് കഞ്ചാവ് പേരുപോലെ വീര്യത്തിലും വില്ലൻ. ഔഷധസസ്യമെന്ന പരിവേഷമുള്ള കഞ്ചാവ് വർഗത്തിലെ സങ്കര ഇനങ്ങളായ കനാബി സിൻസിക്ക, കനാബി സറ്റീവയെന്നിവയിൽ നിന്ന് സംസ്കരിച്ച ഇലയും തണ്ടുമുൾപ്പെടെയാണ് തസ്ളീമ ആലപ്പുഴയിൽ കച്ചവടത്തിനെത്തിച്ചത്.
തസ്ളീമയുടെ വെളിപ്പെടുത്തൽ അനുസരിച്ച് ഇന്ത്യയിൽ അത്യപൂർവ്വമായ ഈ ഇനങ്ങൾ തായ്‌ലൻഡ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലെത്തുന്നത്. ഹൈഡ്രോപോണിക് രീതിയിൽ പ്രത്യേക പരിചരണത്തിലാണ് ഇവ വളർത്തുന്നത്. കേരളത്തിലെ കുപ്രസിദ്ധമായ ഇടുക്കിഗോൾഡെന്നറിയുന്ന നീലച്ചടയനുൾപ്പെടെയുള്ള ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി നേരിയ രോമങ്ങളോടെ പ്രത്യേക തരത്തിൽ ചുരുണ്ട ഇളം പച്ചക്കളറോടുള്ള ഇലകളാണ് ഇവയുടെ പ്രത്യേകത. നാടൻ കഞ്ചാവിന്റെ ഇരുണ്ട ഇലകളേക്കാൾ തെളിച്ചമുള്ള ഇവ ഉണങ്ങിയാൽ ലഹരിയിലും അതേ വീര്യം തെളിയും. പാകമായ ഇലകൾക്ക് തീവ്രഗന്ധമാണ്. എം.ഡി.എം.എയേക്കാൾ മണിക്കൂറുകളോളം നീളുന്ന ഉൻമാദവും കായികശേഷിയുമാണ് ഇവ നൽകുന്നത്. സ്ഥിരമായി എം.ഡി.എം.എ ഉപയോഗിച്ചിരുന്ന തന്റെ ഇടപാടുകാരിൽ പലരും തായ്‌ലാൻഡ് ഹൈബ്രീഡ് കഞ്ചാവിലേക്ക് മാറിയതായി തസ്ളീമ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |