ആലപ്പുഴ: കടുത്ത ന്യുമോണിയെയും, ഹൃദയ സംബന്ധമായ തകരാറുകളെയും തുടർന്ന് 78 ദിവസം മുമ്പ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയ, അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ ഇന്നലെ രാവിലെ 9 മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരികെയെത്തിച്ചു. കുഞ്ഞിനെ വെന്റിലേറ്റർ സൗകര്യമുള്ള പീഡിയാട്രിക് ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്തു.
കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. എസ്.എ.ടിയിൽ എത്തിയ ശേഷം ന്യുമോണിയ ബാധ മാറിയെങ്കിലും, ആരോഗ്യത്തിൽ ആശാവഹമായ പുരോഗതികളൊന്നുമുണ്ടായിട്ടില്ല. കുഞ്ഞിന്റെ അമ്മ ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ സുറുമിക്ക് ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ കുഞ്ഞിനൊപ്പം നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തിയിരുന്നു. ഇപ്പോഴും അണുബാധ, ഛർദ്ദി, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ട്. ഇതോടെയാണ് ബന്ധുക്കളുടെ സേവനം കൂടി ഉപയോഗിക്കാമെന്ന പ്രതീക്ഷയിൽ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ പിതാവ് സ്വന്തം ഇഷ്ട പ്രകാരം കൊണ്ടുപോവുകയാണെന്ന സമ്മതപത്രം എഴുതിവാങ്ങാൻ എസ്.എ.ടി ആശുപത്രിയിൽ ശ്രമം നടന്നിരുന്നു. എന്നാൽ കുഞ്ഞിനെ നോക്കാനുള്ള സൗകര്യമൊരുക്കാൻ ശിശുക്ഷേമസമിതിയോ, കുഞ്ഞിനെ ഏറ്റെടുക്കാൻ സർക്കാരോ തയാറാകാത്തതിനാൽ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നുവെന്ന തരത്തിൽ സമ്മതപത്രം പരിഷ്ക്കരിച്ച ശേഷമാണ് പിതാവ് അനീഷ് മുഹമ്മദ് ഒപ്പിട്ടു നൽകിയത്.
സൗജന്യ ചികിത്സയുടെ ഉത്തരവ് എവിടെ?
ആശുപത്രികളിൽ ഓരോ പരിശോധനയ്ക്ക് വേണ്ടി കൗണ്ടറുകളിലെത്തുമ്പോഴുംകുഞ്ഞിന് സൗജന്യ ചികിത്സ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചരിത്രം സഹിതം വിശദീകരിക്കേണ്ടി വരുന്നുണ്ട് കുടുംബത്തിന്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജും, പിന്നീട് മന്ത്രി സജി ചെറിയാനും സൗജന്യ ചികിത്സ കുഞ്ഞിന് ഉറപ്പാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയെങ്കിലും, അതു സംബന്ധിച്ച ഔദ്യോഗിക രേഖകളൊന്നും കുടുംബത്തിന് കൈമാറിയിട്ടില്ല.
ഡോക്ടർമാരുടെയും, സ്വകാര്യ ലാബുകളുടെയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന മെഡിക്കൽ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ആശ്വാസകരമാണ്
- അനീഷ് മുഹമ്മദ്, കുഞ്ഞിന്റെ പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |