ആലപ്പുഴ : പരിശോധനക്കെത്തിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ഹൗസ്ബോട്ട് ഉടമകളുമായി തർക്കം. ഇന്നലെ രാവിലെ 10മണിയോടെ പുന്നമട ഫിനിഷിംഗ് പോയിന്റിലായിരുന്നു സംഭവം. കൊടുങ്ങല്ലൂർ രജിസ്ട്രേഷൻ ഉള്ള ബോട്ട് പുന്നമടയിൽ സർവീസ് നടത്തരുതെന്ന് പരിശോധന സംഘം പറഞ്ഞു. ഇതിൽ രോഷാകുലനായ ഹൗസ് ബോട്ട് ഉടമ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയായിരുന്നു. തുടർന്നുള്ള തർക്കം സംഘർഷത്തിന്റെ വക്കോളം എത്തി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. രേഖകൾ ഉള്ള ബോട്ടുകളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ രേഖകൾ ഇല്ലാത്ത ബോട്ടുകളിൽ പരിശോധന നടത്തുന്നില്ലെന്നാണ് ഒരുവിഭാഗം ഹൗസ് ബോട്ട് ഉടമകളുടെ ആരോപണം. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പൊലീസ്, ആലപ്പുഴ നോർത്ത് പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന പുന്നമടയിലെ ഹൗസ് ബോട്ടുകളിൽ പരിശോധന നടത്തിയത്. കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
കായൽ ടൂറിസത്തെ തകർക്കും: ഹൗസ് ബോട്ട് ഉടമകൾ
ലൈസൻസുള്ള ഹൗസ് ബോട്ടുകളിൽ കയറി പരിശോധന നടത്തി സഞ്ചാരികളെ വിരട്ടി ഇഷ്ടക്കാർക്ക് ഗസ്റ്റുകളെ എത്തിച്ചുകൊടുക്കാനാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് സമിതി കുറ്റപ്പെടുത്തി. പരിശോധനയിൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റംമൂലം നിരവധി ടൂറിസ്റ്റുകളാണ് യാത്ര അവസാനിപ്പിച്ച് മടങ്ങുന്നത്. സാധാരണക്കാരായ വള്ളഉടമകൾക്ക് സഞ്ചാരം നടത്താൻ കഴിയാതെ വരുന്നതും അനാവശ്യ കാര്യങ്ങൾക്ക് പിഴ അടപ്പിക്കുന്നയുംനിത്യസംഭവമായി മാറി. വിനോദസഞ്ചാര മേഖലയെ തകർക്കുന്നതിനുള്ള നടപടിയുമായിട്ട് മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ടൂറിസം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രസിഡന്റ് എ.അനസ് ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി എം.ജി.ലൈജു, ബിജു എക്കോ, നിസാർ ഗ്രാന്റ് ടൂർ, മോഹനൻ വരമ്പേൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |