ആലപ്പുഴ: പരീക്ഷ പേപ്പർ മൂല്യനിർണ്ണയത്തിന് അനുവദിച്ച കേന്ദ്രങ്ങളിൽ പലതും അദ്ധ്യാപകരുടെ എണ്ണത്തിന് ആനുപാതികമായല്ല കണ്ടെത്തിയതെന്ന് പരാതി ഉയർന്നു. വേനൽ കടുത്ത സാഹചര്യത്തിൽ പോലും ആവശ്യത്തിന് കുടിവെള്ളം, ഫാൻ, വൃത്തിയുള്ള ടൊയ്ലറ്റ് എന്നീ പ്രാഥമിക സൗകര്യങ്ങൾ പല സ്ഥലങ്ങളിലും ലഭ്യമല്ലെന്നാണ് പരാതി. എട്ട് മണിക്കൂറോളം ബെഞ്ചിലിരുന്നാണ് പേപ്പറുകൾ പരിശോധിക്കുന്നത്.
പ്രായമേറിയ അദ്ധ്യാപകർക്ക് ഈ ഇരിപ്പ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾക്ക് വഴിവെയ്ക്കുന്നുണ്ട്. കസേരയും ടേബിളും ക്രമീകരിച്ച് മൂല്യ നിർണ്ണയത്തിന് സൗകര്യമൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ലയിൽ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനുമായി 10 മൂല്യ നിർണ്ണയ ക്യാമ്പുകളാണുള്ളത്.
കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷ മൂല്യനിർണയത്തിന്റെയും സേ പരീക്ഷ, ഇംപ്രൂവ്‌മെന്റ് എന്നിവയുടെ മൂല്യ നിർണ്ണയത്തിന്റെയും വേതനവും പ്രാക്ടിക്കൽ ബോർഡ് മീറ്റിംഗിന്റെ യാത്രാബത്തയും അദ്ധ്യാപകർക്ക് ലഭിച്ചിട്ടില്ല.
കഴിഞ്ഞ വർഷത്തെ വേതനം കുടിശ്ശിക
1. കഴിഞ്ഞ വർഷം ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയം നടത്തിയതിന്റെ വേതനം ഹൈസ്ക്കൂൾ അദ്ധ്യാപകർക്കും, ഒരു വിഭാഗം ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും ഇതുവരെ ലഭിച്ചിട്ടില്ല
2. ഒരു പേപ്പർ മൂല്യനിർണയം നടത്തുന്നതിന് എട്ട് രൂപയാണ് വേതനം. രാവിലെ 15 പേപ്പറും, ഉച്ചയ്ക്ക് ശേഷം 15 പേപ്പറും നോക്കണമെന്നാണ് ചട്ടം. ഇതോടെ ഒരദ്ധ്യാപകന് പ്രതിദിനം 240 രൂപ ലഭിക്കും
3. മുമ്പ് ക്യാമ്പുകളിൽ തന്നെ അവസാന ദിനം പണം നൽകി വിടുന്നതായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ നാല് വർഷങ്ങളായി അദ്ധ്യാപകർക്ക് അക്കൗണ്ട് വഴിയാണ് പണം നൽകുന്നത്
4. 2017ൽ വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ അദ്ധ്യാപകരുടെ മൂല്യ നിർണ്ണയ വേതനം 15 വർഷങ്ങളായി പരിഷ്ക്കരിച്ചിട്ടില്ല.
ജില്ലയിൽ മൂല്യനിർണയ കേന്ദ്രങ്ങൾ
10
വേതനം
80 / 60 മാർക്കുള്ള ഒരു പേപ്പർ നോക്കുന്നതിന് നിരക്ക് : 8 രൂപ
30 മാർക്കുള്ള വിഷയത്തിന്റെ പേപ്പർ നോക്കുന്നതിന് : 6 രൂപ
മൂല്യനിർണ്ണയ ക്യാമ്പുകളിൽ അദ്ധ്യാപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വെള്ളം, ഇരിപ്പിട സൗകര്യം, ഫാൻ എന്നിവ ഒരുക്കണം. ക്യാമ്പ് ഓഫീസർമാരുടെ എണ്ണം വെട്ടിക്കുറച്ചത് മൂലം ഉത്തരക്കടലാസ് വിതരണത്തിനും തിരികെ മേടിക്കുന്നതിനും വലിയ ബുദ്ധിമുട്ടും വൻ തിരക്കും അനുഭവപ്പെടുന്നുണ്ട്
- എസ്.മനോജ് (ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |