ആലപ്പുഴ: വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ബലംപ്രയോഗിച്ച് വനിത പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പ്രതീകാത്മകമായി കള്ളന് കഞ്ഞിവെക്കാൻ കലവുമായി ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തു നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ കലക്ട്രേറ്റ് ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ചേർന്ന പ്രതിഷേധ സമരം കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് പിന്നാലെ മുദ്രാവാക്യം മുഴക്കി പ്രധാനഗേറ്റും മതിലും ചാടികടക്കാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളിനുമിടയാക്കി. പിന്നാലെ പൊലീസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ വാഹനത്തിലേയ്ക്ക് മാറ്റി. മഹിളകോൺഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറിമാരായ രമാദേവി, ബിന്ദു ചന്ദ്രൻ, ജില്ല വൈസ് പ്രസിഡന്റ് ഷിൽ ഗോപിനാഥ്, ജില്ലസെക്രട്ടറി ജമീലബീവി, ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരായ അമ്പിളി അരവിന്ദ്, റഹ്‌മത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |