ആലപ്പുഴ: കിഴിവ് തർക്കത്തിൽ തടസപ്പെട്ട കുട്ടനാട്ടിലെ എച്ച് ബ്ളോക്കിലെ നെല്ല് സംഭരണം ഇന്ന് ആരംഭിക്കും. കൊച്ചിയിൽ സപ്ളൈകോ എം.ഡിയുടെ നേതൃത്വത്തിൽ മില്ലുടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഗുണനിലവാര പരിശോധന പ്രകാരം ക്വിന്റലിന് 7കിലോ കിഴിവിലാകും മില്ലുകാർ നെല്ല് സംഭരിക്കുക. ഇവിടെ സംഭരണത്തിന് നിയോഗിച്ച എട്ടുമില്ലുകളിലേക്ക് 50 ലോഡ് നെല്ല് ഇന്ന് കയറ്റിക്കൊണ്ടുപോകും.
കൂടുതൽ കിഴിവ് കർഷകർക്ക് വൻനഷ്ടത്തിന് കാരണമാകുമെങ്കിലും കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളായി പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് വേനൽ മഴയെ ഭയന്ന് മില്ലുകാർക്ക് കൈമാറാൻ നിർബന്ധിതരാകുകയായിരുന്നു. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ പാടശേഖരമാണ് എച്ച്. ബ്ളോക്ക്. കുട്ടനാട്ടിൽ ഉൽപാദിപ്പിക്കുന്ന 100 കിലോ നെല്ലിന് 72കിലോ അരി വരെ ലഭ്യമാണെന്നിരിക്കെയാണ് ഗുണനിലവാരത്തിന്റെ പേരിൽ മില്ലുകാർ തോന്നുംപടി കിഴിവ് ആവശ്യപ്പെടുന്നത്. മുൻവർഷങ്ങളിൽ ഈർപ്പത്തിന്റെ പേരിലായിരുന്നു വ്യാപകമായി കഴിവ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കടുത്ത വേനലിലാണ് പുഞ്ച കൃഷിയുടെ നെല്ല് സംഭരണം. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന വേനൽ മഴയിൽ ഈർപ്പത്തിന്റെ അളവ് കൂടാതിരിക്കാൻ കർഷകർ വേണ്ടത്ര ജാഗ്രത പുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണനിലവാര പരിശോധനയിലെ ബാഹ്യ ഘടകങ്ങൾ ചൂണ്ടിക്കാട്ടി മില്ലുകാർ സമ്മർദ്ദം വർദ്ധിപ്പിക്കുന്നത്.
ഗുണനിലവാര പരിശോധന ഏകപക്ഷീയം
1. ഗുണനിലവാര പരിശോധനാഫലം പലപ്പോഴും ഏകപക്ഷീയമാണെന്നാണ് കർഷകരുടെ ആക്ഷേപം
2. ഏതെങ്കിലും ഘടകത്തിൽ മാർഗ്ഗനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന അളവിൽ കൂടുതൽ ഉണ്ടെങ്കിൽ കിഴിവ് നൽകാൻ കർഷകർ നിർബന്ധിതരാകും
3. നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന അളവിൽ കുറവാണെങ്കിൽ അതിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വിരോധാഭാസം
4. ശാസ്ത്രീയമായ ഗുണനിലവാര പരിശോധന നടത്തുന്ന ആളുകൾക്ക് വേണ്ടത്ര പരിശീലനം ലഭ്യമായിട്ടുണ്ടെന്നതിന് സാക്ഷ്യപത്രങ്ങളൊന്നുമില്ല
5. ഭൂരിഭാഗം സ്ഥലങ്ങളിലും താൽക്കാലിക ജീവനക്കാരാണ് ഗുണനിലവാര പരിശോധന നടത്തുന്നത്
6. തങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം പരിശീലനമില്ലാത്തവരുടെ തീരുമാനത്തിന് വിധേയമാകുമ്പോൾ അത് സ്വീകരിക്കേണ്ട ഗതികേടിലാണ് കർഷകർ
അനുകൂലമല്ലെങ്കിൽ സംഭരണവുമില്ല
മില്ലുടമകൾ പ്രതീക്ഷിക്കുന്ന രീതിയിലല്ല ഗുണനിലവാര പരിശോധനാഫലമെങ്കിൽ നെല്ല് സംഭരിക്കാത്ത അവസ്ഥയുമുണ്ട്. മണിയങ്കരി പാടശേഖരത്തിൽ പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥരുടെ ഗുണനിലവാര പരിശോധനാഫലം മില്ലുകാർ അംഗീകരിക്കുന്നില്ല. തുടക്കം മുതൽ അഞ്ച് കിലോ കിഴിവ് ആവശ്യപ്പെട്ട മില്ലുകകാർ ശാസ്ത്രീയമായ ഗുണനിലവാരഫലം നിരാകരിച്ച് വീണ്ടും പരിശോധന നടത്തണമെന്നും അല്ലെങ്കിൽ നെല്ല് സംഭരിക്കില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തികവർഷാവസാനത്തോടനുബന്ധിച്ച് മില്ലുകളിൽ നടന്നുവന്ന കണക്കെടുപ്പും നെല്ല് സംഭരണത്തെ ബാധിച്ചു.
പല സ്ഥലങ്ങളിലും ഗുണനിലവാര പരിശോധനയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കാനോ അപ്പീൽനൽകുവാനോ സംവിധാനമില്ല
- കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |