മുഹമ്മ: വിഷുവിന്റെ വരവ് ആദ്യം അറിയിക്കുന്നത് കൊന്നമരങ്ങളാണ്. അതുകാണുമ്പോൾ തന്നെ മലയാളികൾ മനസിൽ പറയും, വിഷുവെത്തി. കണിയൊരുക്കി കഴിഞ്ഞാൽ അതുപോലെ അവ കൊഴിഞ്ഞു വീഴുകയും ചെയ്യും. എന്നാൽ, മണ്ണഞ്ചേരി പൊന്നാട് ശ്രീവിജയ വിലാസംക്ഷേത്ര വഴിയിലെ കൊന്ന മരങ്ങൾക്ക് എന്നും വിഷുക്കാലമാണ്. ഇടവപ്പാതിയിലെ അതിവർഷമൊഴിച്ചാൽ തുലാവർഷത്തിൽ പോലും ഇവ പൂവിട്ട് നിൽക്കും. അതുകൊണ്ടുതന്നെ, എന്നും പൂക്കുന്ന കൊന്നമരങ്ങൾ നാട്ടുകാർക്ക് വലിയ കൗതുകമാണ്.
പത്ത് വർഷം മുമ്പാണ് ക്ഷേത്രഭാരവാഹികൾ വഴിയുടെ ഇരുവശങ്ങളിലുമായി നാല് കണിക്കൊന്ന തൈകൾ നട്ട് പരിപാലിച്ചത്. വർഷം മൂന്ന് കഴിഞ്ഞപ്പോൾ തന്നെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ കണിക്കൊന്ന, പൂവുകളുടെ നിറ സമൃദ്ധിയോടെ സ്വാഗതമരുളാൻ തുടങ്ങി.
കഴിഞ്ഞ ദിവസത്തെ കനത്ത വേനൽമഴയിൽ നാട്ടിലെ കൊന്നപ്പൂക്കളിൽ അധികവും കൊഴിഞ്ഞുപോയെങ്കിലും, ക്ഷേത്രവളപ്പിലെ നിറസമൃദ്ധിക്ക് ഒട്ടും കുറവ് വന്നില്ല.
ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം കൊണ്ട് ധന്യമായ ഈ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. അതുവരെ ഭക്തർക്ക് ഉത്സവ കാഴ്ചയ്‌ക്കൊപ്പം കൊന്നപ്പൂ വസന്തവും ആസ്വദിക്കാനായി.
നല്ല സൂര്യപ്രകാശവും ക്ഷേത്രക്കുളത്തിന്റെ സാമീപ്യവുമാകാം ഈ കൊന്ന മരങ്ങളെ നിത്യ പുഷ്‌പിണിയായി നിലനിർത്തുന്നതെന്നാണ് പരമ്പരാഗത കർഷകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |