ആലപ്പുഴ: സമാന്തര വിദ്യാഭ്യാസ മേഖലയിലെ ട്യൂഷൻ സെന്ററുകൾ
ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികളെ വട്ടമിടുന്ന ലഹരി മാഫിയക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി പൊലീസും എക്സൈസും. 9,10, പ്ളസ്ടു ക്ളാസുകളിലെ വിദ്യാർത്ഥികൾക്കാണ് ട്യൂഷൻ ആരംഭിക്കുന്നത്. മുതിർന്ന കുട്ടികളായതിനാൽ ഇവരെ ലക്ഷ്യമിട്ട്
ലഹരി സംഘങ്ങൾ സജീവമാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് എക്സൈസും പൊലീസും രംഗത്തിറങ്ങിയിരിക്കുന്നത്.
ട്യൂഷന് ശേഷം വീടുകളിലേക്ക് മടങ്ങുന്ന കുട്ടികളെ തങ്ങളുടെ വലയിലാക്കുക എന്ന ലക്ഷ്യമിട്ടാണ് ലഹരി സംഘങ്ങൾ പലപ്പോഴും പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ വലയിൽ വീഴുന്ന കുട്ടികളെ കരുക്കളാക്കി പിന്നീട് വിദ്യാലയങ്ങളിൽ ലഹരി എത്തിക്കാനും അവർ മടിക്കാറില്ല. വിനാശകരമായ ഇത്തരം പ്രവർത്തികൾക്ക് തടയിടയാൻ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കാനാണ് പൊലീസിന്റെയും എക്സൈസിന്റെയും തീരുമാനം.
അതേസമയം, വേനൽ ചൂട് കടുത്തതിനാൽ രാവിലെ 7.30 മുതൽ 10.30വരെ മാത്രമേ ക്ളാസുകൾ നടത്താവൂവെന്ന നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
പരിശോധന ശക്തമാക്കും
1.സ്കൂൾ പരിസരങ്ങളിലെന്നപോലെ ജില്ലയിലെ മുഴുവൻ സമാന്തര വിദ്യാലയങ്ങളുടെ പരിസരത്തും മഫ്ടിയിൽ പ്രത്യേകം നിരീക്ഷണവും സംയുക്തപരിശോധനയും നടത്താനാണ് പൊലീസിന്റെ തീരുമാനം
2.ഓപ്പറേഷൻ ക്ളീൻ സ്ലേറ്റിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ആവശ്യപ്പെടുന്ന സമാന്തര വിദ്യാലയങ്ങളിൽ വിമുക്തിയുടെ ക്ളാസും സൗജന്യമായി നൽകാനാണ് എക്സൈസ് തീരുമാനം
3.റിസൾട്ടിന് പ്രസിദ്ധീകരിക്കുന്നതോടെ, ഒന്ന് മുതൽ എട്ടുവരെയും പ്ളസ് വൺ ക്ളാസിലേക്കും അടുത്തമാസം ആദ്യം ട്യൂഷൻ ആരംഭിക്കും. ഇതോടെ നിരീക്ഷണം കൂടുതൽ ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്
4.ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള തൊഴിൽ രഹിതരാണ് ട്യൂട്ടോറിയലുകളിൽ പഠിപ്പിക്കുന്നത്. ഒന്നരമാസത്തിൽ എട്ട് ക്‌ളാസുകളായിരിക്കും ഒരു അദ്ധ്യാപകന് ഒരു സ്ഥാപനത്തിൽ ലഭിക്കുക. ഇതിന് പരമാവധി കിട്ടുന്നത് 8000 രൂപയാണ്
ജില്ലയിൽ
സമാന്തര വിദ്യാഭ്യാസ
സ്ഥാപനങ്ങൾ: 1000
അദ്ധ്യാപകർ : 15,000
ലഹരിമാഫിയകളെ തടയിടാൻ സ്കൂളുകൾ പോലെ സമാന്തര വിദ്യാലയങ്ങളുടെ പരിസരത്തും നിരീക്ഷണവും പട്രോളിംഗും പൊലീസും എക്സൈസും ശക്തമാക്കും. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് രണ്ടാംഘട്ടം വ്യാപകമാക്കും
- ഡെപ്യൂട്ടി കമ്മിഷ്ണർ, എക്സൈസ്, ആലപ്പുഴ
ലഹരിമാഫിയയെ തുരത്താൻ പൊലീസും എക്സൈസും പട്രോളിംഗും നിരീക്ഷണവും ശക്തമാക്കണം.സമാന്തര വിദ്യാഭ്യാസ മേഖലയിൽ ഏകീകൃത പരീക്ഷയും ഫീസും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്
-ട്യൂട്ടോറിയൽ കോ- ഓർഡിനേഷൻ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |