ചേർത്തല:ബിന്ദുപത്മനാഭൻ തിരോധാന കേസിൽ പ്രധാനപ്രതിയായ ഒന്നാം പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ചെങ്ങുംതറ വീട്ടിൽ അമ്മാവനെന്ന് വിളിക്കുന്ന സെബാസ്റ്റ്യനെ (62) നുണപരിശോധനക്ക് വിധേനാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുന്നത് 22ലേക്കുമാറ്റി. ചേർത്തല ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നു മുമ്പാകെയാണ് കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പക്ടർ സി.ആർ.പ്രമോദ് ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് സഹിതം അപേക്ഷ നൽകിയത്.
ആദ്യ ഘട്ടത്തിൽ പൊലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങളെല്ലാം ചെന്നെത്തിയത് സെബാസ്റ്റ്യനിലാണെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവമാണ് അന്വേഷണ സംഘത്തിനു വെല്ലുവിളിയാകുന്നത്.ഇതുവരെ പലരിൽനിന്നെടുത്ത മൊഴികളും ബിന്ദുവിന്റെ സഹോദരന്റെ പരാതിയിലുമെല്ലൊം സെബാസ്റ്റ്യന്റെ ബന്ധം ആരോപിച്ചിരുന്നു. ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമി വ്യാജ പ്രമാണമുണ്ടാക്കി വിറ്റതടക്കമുള്ള രേഖകളെല്ലാം പൊലീസ് തെളിവായി സമാഹരിച്ചിട്ടുണ്ടെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളിലൂടെ വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യൻ പ്രതിരോധം തീർത്തത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിന് ക്രൈംബാഞ്ച് സംഘത്തിന് വിലങ്ങുതടിയായിട്ടുണ്ട്.വർഷങ്ങൾ പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാനാകാത്തത് പൊലീസിനും അഭ്യന്തരവകുപ്പിനും തന്നെ തലവേദനയായിട്ടുണ്ട്. സെബാസ്റ്റ്യന്റെ നുണപരിശോധനയാണ് അന്വേഷണ സംഘത്തിന്റെ അവസാന പിടിവളളി. 2017ൽ പൊലീസിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണം നടക്കുന്നതിനിടെ സെബാസ്റ്റ്യന്റെ സന്തതസഹചാരിയായിരുന്ന ഓട്ടോ ഡ്രൈവർ മനോജ് ആത്മഹത്യചെയ്തിരുന്നു.പൊലീസ് ചോദ്യംചെയ്യാനായി ആലപ്പുഴയിൽ വിളിപ്പിച്ചതിനു പിന്നാലേയായിരുന്നു ഇയാളെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.എറണാകുളത്തെ വസ്തു വിൽപ്പന ഉൾപ്പെടെ നടത്തിയത് മനോജിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. ഇയാളുടെ ഓട്ടോയിലായിരുന്നു സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു.
ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മാനിവാസിൽ പരേതരായ പത്മനാഭപിള്ളയുടെയും അംബികാദേവിയുടേയും മകൾ ബിന്ദു പത്മനാഭൻ (52) നെയാണ് കാണാതായത്. സഹോദരൻ പ്രവീൺകുമാർ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |