അമ്പലപ്പുഴ : വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് ഒരുക്കി അദ്ധ്യാപകരും സഹപാഠികളും പി.ടി.എയും കോളേജ് യൂണിയനും. 2024 ഡിസംബർ 2ന് കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ കുടുംബത്തിനാണ് വീടൊരുങ്ങുന്നത്. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് പെരിങ്ങാലയിലാണ് ഏഴര സെന്റ് സ്ഥലവും 1200 സ്ക്വയർ ഫിറ്റ് വീടും. മൊത്തം 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഡ്വാൻസ് തുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി സ്ഥലംഉടമ ചെങ്ങന്നൂർ സ്വദേശി പി.എ.ശിവരാമന് ഇന്നലെ കൈമാറി.
ആയുഷ് ഉൾപ്പെടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ആറ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് 2024 ഡിസംബർ 2 ന് രാത്രിയിൽ കളർകോടുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
വർഷങ്ങളായി ഇൻഡോറിലായിരുന്നു ആയുഷിന്റെ കുടുംബം.ആയുഷ് പ്ലസ് ടു വരെ പഠിച്ചതും അവിടെയാണ്. എൻട്രൻസ് പരീക്ഷയ്ക്കായാണ് കേരളത്തിൽ എത്തിയത് ആയുഷിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതോടെ കുടുംബവും നാട്ടിലെത്താനിരിക്കെയാണ് ദുരന്തമെത്തിയത്. സ്വന്തമായി വീടില്ലാത്തതിനാൽ കാവാലത്തെ കുടുംബവീട്ടിലാണ് ആയുഷിന്റെ മൃതദേഹം സംസ്കരിച്ചത്. പൊടിയാടിക്കടുത്ത് വാടകവീട്ടിലാണ് ഇപ്പോൾ കുടുംബം കഴിയുന്നത്.പിതാവ് ഷാജിക്ക് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ലഭിച്ചു. ഇന്നലെ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ടി.ഡി.എം.സി പി.ടി.എ പ്രസിഡന്റ് സി.ഗോപകുമാർ, വൈസ് പ്രസിഡന്റ് ഷാജി വാണിയപ്പുരയ്ക്കൽ, അഡ്വ.റോബിൻസൺ, എസ്.ഹാരീസ്, പി.ടി.എ സെക്രട്ടറി ഡോ.സ്മിത ജി.രാജ്, വൈസ് പ്രിൻസിപ്പൽ ഡോ.എസ്.ജെ.ജെസ്സി, അക്കാദമിക് വിഭാഗം മേധാവി ഡോ.ടി.ഉഷ, ആയുഷിന്റെ അമ്മ ഉഷ ഷാജി ,യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക്, അംഗങ്ങളായ അലീന റെയ്ച്ചൽ, ജിത്ത് മോൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |