ആലപ്പുഴ : അറ്റകുറ്റപ്പണിക്ക് അനുവദിച്ച തുകപോലും വിനിയോഗിക്കാൻ കഴിയാതായതോടെ അതീവ പരാധീനാവസ്ഥയിൽ പല്ലനയിലെ കുമാരനാശാൻ സ്മാരകം. മന്ദിരത്തിന്റെ മേൽക്കൂരയിലെ തൂലികയുടെ മാതൃക തുരുമ്പെടുത്ത് ഏത് സമയവും നിലപൊത്താവുന്ന അവസ്ഥയിലാണ്
അറ്റകുറ്റപ്പണിക്കായി മൂന്ന് ലക്ഷം രൂപ 2023ൽ അനുവദിച്ചെങ്കിലും ഒന്നും നടത്തിയില്ല. തദ്ദേശ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറുടെ നിർദ്ദേശപ്രകാരം തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അസി.എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 2.14ലക്ഷം രൂപയാണ് ശുപാർശ ചെയ്തത്. ഇതിൽ നിന്ന് ജി.എസ്.ടി കഴിച്ചുള്ള തുക കൊണ്ട് സ്മാരകത്തിന് മുകളിലെ പൈപ്പിന്റെ തുരുമ്പ് കളയാൻ പോലും തികയില്ലെന്നാണ് കുമാരനാശാൻ സ്മാരക സമിതിയുടെ വിലയിരുത്തൽ.
തുക നഷ്ടമാകാതിരിക്കാൻ ട്രഷറിയിലെ സ്പെഷ്യൽ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. കൂടുതൽ തുകയ്ക്കായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സ്മാരകത്തിന്റെ അറ്റകുറ്റപ്പണിക്ക് 14ലക്ഷം രൂപയുടെ പുതിയ പദ്ധതി സമിതി സെക്രട്ടറി സാംസ്‌കാരിക വകുപ്പിന് സമർപ്പിച്ചെങ്കിലും അതിനും അംഗീകാരം ലഭിച്ചില്ല. സാംസ്കാരിക വകുപ്പ് മന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആശാൻ സ്നേഹികളുടെ ആവശ്യം.
കൃത്യമായി ജോലിക്കെത്തിയിരുന്ന കെയർടേക്കർക്ക് 2023 ജൂൺ മുതലുള്ള ഓണറേറിയം ലഭിക്കാനുണ്ട്. കെയർടേക്കർ നീണ്ട അവധിയെടുത്ത് പോയതോടെ സ്മാരകം 24മണിക്കൂറും തുറന്ന് കിടക്കുകയാണ്. സ്മാരകം പരിപാലിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. സന്ദർശകർക്ക് പ്രാഥമികാവശ്യത്തിന് പോലും സൗകര്യമില്ലാത്തതിനാൽ അയൽ വീടുകളെയാണ് ആശ്രയിക്കുന്നത്.
വൃത്തിയാക്കാൻ പോലും ആരുമില്ല
സ്മാരകം വൃത്തിയാക്കാനോ രാത്രികാലത്ത് പൂട്ടാനോ ആളില്ലാത്ത അവസ്ഥയാണ്
ജീവനക്കാർക്ക് ഓണറേറിയം നൽകാൻ പോലും നിവൃത്തിയില്ലാത്തവിധമാണ് സാമ്പത്തിക പരാധീനത
സാംസ്‌കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്മാരക സമിതിക്ക് പ്രവർത്തന, മെയിന്റനൻസ് ഗ്രാന്റുകൾ ലഭിക്കാത്തതാണ് കാരണം
ഓണത്തിനാണ് രണ്ടുമാസത്തെ ഓണറേറിയം കെയർടേക്കർക്ക് നൽകിയത്
വേതനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ക്‌ളീനിംഗ് തൊഴിലാളി സ്മാരകത്തിന്റെ താക്കോൽ സെക്രട്ടറിയെ ഏൽപ്പിച്ച് ഒരുവർഷം മുമ്പ് പടിയിറങ്ങി
ഇതോടെ സ്മാരകം വൃത്തിയാക്കേണ്ടത് സെക്രട്ടറിയുടെ ജോലിയായി മാറി. ഇപ്പോൾ അതും നടക്കുന്നില്ല.
സ്മാരകത്തിന്റെ മേൽക്കൂര ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അറ്റകുറ്റപ്പണി വേഗത്തിൽ നടത്താൻ സാംസ്കാരിക വകുപ്പ് മന്ത്രി ഇടപെടണം. മഹാകവിയോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്
- എസ്.വിനോദ്കുമാർ, പ്രസിഡന്റ്, തൃക്കുന്നപ്പുഴ പഞ്ചായത്ത്
"അറ്റകുറ്റപ്പണിക്ക് അനുവദിച്ച 3ലക്ഷം രൂപ ഉപയോഗിച്ച് പണി നടത്താനാകില്ല. കൂടുതൽ തുകയ്ക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പ്രവർത്തന ഗ്രാന്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
- തിലകരാജ്, സെക്രട്ടറി, കുമാരനാശാൻ സ്മാരക സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |