ടി.കെ ദേവകുമാറിനെയും ഗാനകുമാറിനെയും പരിഗണിച്ചില്ല
ആലപ്പുഴ : മുൻ എം.പി എ.എം.ആരിഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുമുൾപ്പെടെ നാലുപേരെ പുതുതായി ഉൾപ്പെടുത്തി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഫോംമാറ്റിംഗ്സ് ചെയർമാൻ അഡ്വ.കെ.ആർ ഭഗീരഥൻ, കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് രണ്ട് പുതുമുഖങ്ങൾ.
സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.പ്രസാദ്, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്.ബാബുജാൻ, പ്രായപരിധി പിന്നിട്ട ജി.വേണുഗോപാൽ, ജി.രാജമ്മ എന്നിവർ ഒഴിവായതോടെയുണ്ടായ നാല് ഒഴിവുകളാണ് നികത്തിയത്. ജില്ലാ സെക്രട്ടറി ആർ.നാസർ, കെ.രാഘവൻ, ജി.ഹരിശങ്കർ, എം.സത്യപാലൻ, എച്ച്.സലാം, പി.പി ചിത്തരഞ്‌ജൻ, എ. മഹേന്ദ്രൻ, മനു സി.പുളിക്കൽ എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റംഗങ്ങൾ.
സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ, മുൻ എം.എൽ.എ ടി.കെ.ദേവകുമാർ എന്നിവരെ പരിഗണിച്ചില്ല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് സെക്രട്ടേറിയറ്റംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നത്.
യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പ്രസാദ് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ. ടി.എം.തോമസ് ഐസക്, സി.എസ്.സുജാത, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്.ബാബുജാൻ എന്നിവർ പങ്കെടുത്തു.
ഒരു പക്ഷത്തെ മാത്രം പരിഗണിച്ചില്ല
നിലവിൽ സജി ചെറിയാൻ പക്ഷത്തിനാണ് ജില്ലയിൽ മുൻതൂക്കമെങ്കിലും മറുപക്ഷത്തിന് കൂടി തുല്യ പ്രാതിനിദ്ധ്യം നൽകിയാണ് സെക്രട്ടേറിയറ്റ് രൂപീകരിച്ചതെന്ന് ശ്രദ്ധേയമായി. സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിരുന്ന ആലപ്പുഴയിൽ പാർട്ടിയെ ശക്തമാക്കുന്നതിന്റെ ഭാഗമായി വിഭാഗീയതകളില്ലാതെ വേണം സെക്രട്ടേറിയേറ്റ് രൂപീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ പാർട്ടി നേതൃത്വത്തിന് കർശന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞയാഴ്ച കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിലെത്തിയ അദ്ദേഹം ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളോടും ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുപക്ഷവും തമ്മിൽ എതിരഭിപ്രായങ്ങളില്ലാതെ നിർദേശിക്കപ്പെട്ടപേരുകളാണ് ഇന്നലെ ജില്ലാ കമ്മിറ്റിയോഗത്തിൽ അംഗീകരിക്കപ്പെട്ടത്.
ഗാനകുമാറിനെയും ദേവകുമാറിനെയും
പരിഗണിക്കാതിരുന്നത് ചർച്ചയാകും
അഡ്വ.കെ.ആർ.ഭഗീരഥൻ, വി.ജി.മോഹനൻ എന്നിവരെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചപ്പോൾ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാറിനെയും കയർഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാറിനെയും ഉൾപ്പെടുത്താതിരുന്നത് ജില്ലയിലെ നേതാക്കൾക്കിടയിൽ ചർച്ചയാകും. കയർ വ്യവസായമുൾപ്പെടെ പരമ്പരാഗത തൊഴിൽ, വ്യവസായ മേഖലകൾ നിർണായകമായ ആലപ്പുഴയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയെന്നതിലുപരി പാർട്ടി ലീഡർ ഷിപ്പിൽ സജീവസാന്നിദ്ധ്യംകൂടിയായ ഗാനകുമാർ ഒരിക്കൽ കൂടി തഴയപ്പെട്ടത് സി.ഐ.ടി.യുവിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് തവണ സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ടപ്പോഴും ഗാനകുമാർ ഒഴിവാക്കപ്പെട്ടിരുന്നു. കൺട്രോൾ കമ്മിഷൻ ചെയർമാനെന്ന നിലയിൽ കെ.എച്ച് ബാബുജാൻ സംസ്ഥാന കമ്മിറ്റി ക്ഷണിതാവായി നിയോഗിക്കപ്പെട്ടതിന് പകരം ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ പാർട്ടി മൂന്നാം സ്ഥാനത്തുപോയ കായംകുളത്ത് നിന്ന് ഗാനകുമാർ അവഗണിക്കപ്പെട്ടതോടെ ജില്ലാ സെക്രട്ടേറിയേറ്റിൽ ഫലത്തിൽ അവിടെ നിന്നുളള പ്രാതിനിദ്ധ്യം ഇല്ലാതായി. ഇന്നലെ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഗാനകുമാർ ജില്ലാകമ്മിറ്രി ഓഫീസ് വിട്ടത് പാർട്ടി അണികൾക്കും പ്രവർത്തർക്കുമിടയിൽ ചർച്ചയ്ക്ക് കാരണമായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനുമായിരുന്ന കയർഫെഡ് ചെയർമാൻ ടി.കെ ദേവകുമാറിനെ സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കാതെ പോയതും ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രായാധിക്യംകാരണം പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും സജീവമായി നേതൃരംഗത്ത് നിൽക്കാനും കഴിയാത്ത സാഹചര്യത്തിലാണ് ജില്ലയിലെ സി.പി.എമ്മിന്റെ വനിതാമുഖങ്ങളിൽ ശ്രദ്ധേയയായിരുന്ന കെ.രാജമ്മ ഒഴിവാക്കപ്പെട്ടത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ചുമതലകളിൽ നിന്നും അവരെ നേരത്തെ ഒഴിവാക്കിയിരുന്നു. അതിന് പകരമാണ് ജില്ലയിലെ വനിതാ നേതാക്കളിൽ സീനിയറായ കെ.ജി രാജേശ്വരി പരിഗണിക്കപ്പെട്ടത്. നിലവിൽ ആലപ്പുഴ കാർഡ് ബാങ്ക് പ്രസിഡന്റായ കെ.ആർ.ഭഗീരഥൻ രണ്ട് ടേമായി ഫോാം മാറ്റിംഗ്സ് ചെയർമാനാണ്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |