ആലപ്പുഴ : വേനൽച്ചൂടിൽ മത്സ്യക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ തീരദേശം കടുത്ത വറുതിയിൽ. മത്സ്യബന്ധനത്തിനിറങ്ങുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ നിരാശയോടെയാണ് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ദുരിതം ഇനിയും അടങ്ങിയിട്ടില്ല. ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും തീരമണഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മഴക്കാലത്തിന് ശേഷം കടലിൽ നിന്ന് കാര്യമായ തോതിൽ മത്സ്യം ലഭിക്കാത്തത് തൊഴിലാളികളെ നിരാശരാക്കിയിട്ടുണ്ട്.
നാല് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം, ഐസ് അടക്കമുള്ള സാധനങ്ങളുമായാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നത്. ഈ ചെലവിന് ആനുപാതികമായി മീൻ ലഭിച്ചില്ലെങ്കിൽ സാമ്പത്തിക ബാദ്ധ്യത താങ്ങാനാകില്ല.
സാധാരണ പുല്ലൻ ചെമ്മീൻ, കരിക്കാടി, കിളിമീൻ, നങ്ക് എന്നിവയാണ് ധാരാളം ലഭിക്കാറുള്ളത്. മഴയുടെ കുറവ് ചെമ്മീന്റെ വരവ് ഇല്ലാതാക്കി. തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് മുൻകാലങ്ങളിൽ സുലഭമായി മത്സ്യം ലഭിച്ചിരുന്നു. ചാകരയിൽ പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നെത്തോലി, താട പാര തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇവയൊന്നും കാണാനേയില്ല. മത്സ്യക്കച്ചവടത്തിന് അനിവാര്യമായ ഐസിനും തീവിലയാണ്. വൈദ്യുതി നിരക്ക് വർദ്ധന മൂലം 50 കിലോയുള്ള ഒരു ഐസ് ബ്ളോക്കിന് 75 രൂപയാണ് നിലവിലെ വില. ഒരുടൺ മത്സ്യം സംസ്‌കരിക്കാൻ 6 ടൺ ഐസ് വേണ്ടിവരും.
പീലിംഗ് മേഖലയും തളർന്നു
1. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യമാണ് ഭൂരിഭാഗം മാർക്കറ്റുകളിലുമുള്ളത്
2. ബോട്ടുകാർക്ക് ചെമ്മീൻ ലഭിക്കാത്തത് പീലിംഗ് ഷെഡുകളുടെ പ്രവർത്തനത്തെ ബാധിച്ചു
3. അമ്പലപ്പുഴ,കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലെ ആയിരക്കണക്കിന് പീലിംഗ് തൊഴിലാളികൾ പ്രതിസന്ധിയിലാണ്
4. അരൂർ മുതൽ വലിയഴീക്കൽ വരെ തീരമേഖലയിൽ നൂറുകണക്കിന് ചെമ്മീൻ പീലിംഗ് ഷെഡുകളാണ് പ്രവർത്തിക്കുന്നത്
5. തൊഴിലാളികളിൽ 90 ശതമാനവും സ്ത്രീകളാണ്. ദിവസം 400 മുതൽ 700 രൂപ വരുമാനം ലഭിക്കും
മത്സ്യവില (കിലോയ്ക്ക് രൂപയിൽ)
മത്തി.................140
ചൂര...................250
കണവ...............350
അയല...............280
പൂവാലൻ..........300
കഴന്തൻ............350
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |