ആലപ്പുഴ : കുട്ടനാട്ടിൽ പുഞ്ചകൃഷിയിൽ 5000 ഏക്കറിൽ വിളവിൽ 40-50 ശതമാനം കുറവുണ്ടായതായി കൃഷി വകുപ്പിന്റെ റിപ്പോർട്ട്. വൃശ്ചികവേലിയേറ്റവും ഓരുമുട്ടുകൾ വഴി ഓരുവെള്ളം പാടങ്ങളിലും ഇടത്തോടുകളിലും കയറാനിടയായതുമാണ് നെൽച്ചെടികൾ കരിയാനും വളർച്ച മുരടിച്ച് ആദായം കുറയാനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ നഗരസഭ പരിധിയിലെ പാടങ്ങളിലെയും കൈനകരി, നെടുമുടി, പുന്നപ്ര, അമ്പലപ്പുഴ, കരുവാറ്റ , തകഴി തുടങ്ങിയ സ്ഥലങ്ങളിലെയും പ്രധാന പാടശേഖരങ്ങളിലെ ആദായം കണക്കാക്കിയുള്ള റിപ്പോർട്ടാണിത്. മുൻകാലങ്ങളിൽ അധിക വിളവ് ലഭിച്ച പാടങ്ങളിലും ഇത്തവണ ഏക്കറിന് 2മുതൽ 5 കിലോ വരെ കുറവുണ്ടായി.
ആദ്യം വിത നടക്കുന്നതും ആദായത്തിൽ മുന്നിൽ നിൽക്കുന്നതുമായ പാടങ്ങളിൽ മുൻകാലങ്ങളിൽ ഏക്കറിന് 30- 35 ക്വിന്റൽ വരെ വിളവ് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം വരൾച്ചയും ഉഷ്ണതരംഗവും രൂക്ഷമായിട്ടും ഇവിടങ്ങളിലെ വിളവിൽ കാര്യമായ കുറവുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ ഒരുശതമാനം പോലും കിഴിവ് നൽകേണ്ടി വരാതിരുന്ന റാണി, ചിത്തിര കായൽനിലങ്ങളിലുൾപ്പെടെ നെല്ല് ഉത്പാദനത്തിൽ നല്ല കുറവുണ്ടായതായാണ് കണക്ക്.
ഓരുവെള്ളം തടയാൻ കൃത്യസമയത്ത് ഓരുമുട്ടുകൾ സ്ഥാപിക്കാനും ആവശ്യം കഴിഞ്ഞാൽ അവ നീക്കം ചെയ്യാനും മൈനർ ഇറിഗേഷൻ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടാകാത്തതാണ് കുട്ടനാടൻ പാടങ്ങൾക്ക് ഭീഷണിയാകുന്നത്. ആലപ്പുഴ നഗരസഭ കൃഷിഭവൻ, അമ്പലപ്പുഴ, കൈനകരി, ചമ്പക്കുളം, നെടുമുടി, നീലമ്പേരൂർ, പുളിങ്കുന്ന് കൃഷിഭവൻ പരിധികളിലാണ് ഏറ്റവുമധികം കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താമസിച്ച് വിത നടത്തുകയും വിളവെടുപ്പ് ഇപ്പോഴും പൂർത്തിയായിട്ടില്ലാത്തുമായ പാടങ്ങളിലെ കണക്കുകൾ കൂടി ലഭ്യമാകുമ്പോൾ വിളവ് നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരും.
വില്ലനായത് ഓരുവെള്ളം
ഇടത്തോടുകളിൽ വെള്ളം നിറച്ചും പാടങ്ങളിൽ നല്ല വെള്ളം കയറ്റിയിറക്കിയും ഓരുവെള്ളത്തെ നിയന്ത്രിച്ച പാടങ്ങൾക്കാണ് തരക്കേടില്ലാത്ത വിളവ് നേടാനായത്
വിത കഴിഞ്ഞ് ഞാറ് വേരുറയ്ക്കും മുമ്പ് പാടങ്ങളിലേക്ക് ഓരുവെള്ളം കയറിയതാണ് നെൽച്ചെടിയുടെ വളർച്ചയെയും വിളവിനെയും ബാധിച്ചത്
ഓരുവെള്ളം കയറിയുള്ള കൃഷിനാശത്തിന്റെയും വിളവ് നഷ്ടത്തിന്റെയും പ്രാഥമിക കണക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ സമർപ്പിച്ചിട്ടുണ്ട്
കർഷകർക്ക് വരൾച്ചാ ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ഓരുമുട്ടുകൾ ബലപ്പെടുത്തി കൃഷി സംരക്ഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്
കൃഷി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതിലും വലിയനഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. പല പാടങ്ങളിലും മില്ലുകാർ ഏറ്റെടുക്കാത്ത നെല്ല് കർഷകർ തീവയ്ച്ചുകൊണ്ടിരിക്കെ വിളവെടുപ്പ് പൂർത്തിയാകുംമുമ്പുള്ള റിപ്പോർട്ട് അവിശ്വസനീയമാണ്. കൃത്യമായി 5000 ഏക്കറിലാണ് കൃഷിനാശമെന്ന കണക്കും തെറ്റാണ്. വിളഇൻഷുറൻസിലുൾപ്പെടുത്തിയും കൈകാര്യചെലവ് വർദ്ധിപ്പിച്ചും പമ്പിംഗ് കുടിശിക ഉൾപ്പെടെ ലഭ്യമാക്കിയും കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാകണം
- നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |