തുറവൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും സർവീസ് റോഡ് നിർമ്മാണം ഇഴയുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. തുറവൂരിലാണ് സർവീസ് റോഡ് നിർമ്മാണം ഇഴയുന്നതിനെത്തുടർന്ന് നാട്ടുകാർ ബുദ്ധിമുട്ടുന്നത്.
ഏറെ നാളായി സർവീസ് റോഡിന്റെ നിർമ്മാണം സ്തംഭിച്ചതിനാൽ സഞ്ചരിക്കാൻ മാർഗമില്ലാതെ വലയുകയാണ് തുറവൂർ പുത്തൻചന്ത നിവാസികൾ. ഭാഗികമായി നിർമ്മാണം നടത്തിയ തുറവൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെയുള്ള സർവീസ് റോഡ് ഒരു വർഷത്തിലേറെയായി സഞ്ചാരയോഗ്യമല്ല. മറ്റിടങ്ങളിലും സമാന സ്ഥിതിയാണ് സർവീസ് റോഡിലൂടെ വാഹനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റാത്തതിനാൽ ഒരു ഓട്ടോ പോലും ഇതുവഴി കടന്നു വരാറില്ല. കുണ്ടുംകുഴിയുമായ റോഡ് വേനൽ മഴ പെയ്തതോടെ ചെളിക്കുളമായി മാറി. സർവീസ് റോഡിന്റെ ശോച്യാവസ്ഥ മൂലം പഞ്ചായത്ത് ഓഫീസിലേക്കും കൃഷി ഓഫീസിലേക്കും വിവിധ ആവശ്യങ്ങൾക്കായി വരുന്നവരും പ്രദേശവാസികളും ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ദേശീയപാതയുടെ കിഴക്കേ അരികിലെ ഭിത്തിയുടെ പണി പൂർത്തീകരിക്കാത്ത ഭാഗത്തുകൂടി താഴോട്ട് ഇറങ്ങാൻ ശ്രമിക്കുമ്പോൾ വീണു പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. സർവീസ് റോഡ് ആദ്യം നിർമ്മിക്കാതെ ദേശീയപാതയുടെ നിർമ്മാണത്തിനു മാത്രം പ്രാധാന്യം നൽകുന്ന അധികൃതരുടെ നടപടിയിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
വെള്ള്മൊഴുക്ക് മുടക്കി കാന
വെള്ളം ഒഴുകിപ്പോകാനായി സ്ഥാപിച്ചിട്ടുള്ള വലിയ കാന സർവീസ് റോഡിനേക്കാൾ ഉയരത്തിലായതിനാൽ ഒഴുക്ക് നടക്കുന്നില്ല
പല ഭാഗത്തും റോഡിനുള്ള സ്ഥലം നിരപ്പാക്കിയിട്ടുമില്ല. നിലവിൽ കാൽനടപോലും അസാദ്ധ്യമായ സ്ഥിതിയാണ്
തുറവൂർ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ എന്നിവയും ദേശീയപാതയിൽ സർവീസ് റോഡിനരികിലാണുള്ളത്
ദിനംപ്രതി ഇവിടങ്ങളിലേക്ക് എത്തുന്ന നിരവധി പേരുടെ പ്രധാന സഞ്ചാരമാർഗം സർവീസ് റോഡാണ്
ദേശീയപാതയുടെ കിഴക്കുഭാഗത്ത് താമസിക്കുന്ന എകദേശം 40ഓളം കുടുംബങ്ങളുടെയും ഏകാശ്രയവുമാണിത്
ദേശീയ പാതയ്ക്കരികിലുള്ള സർവീസ് റോഡ് മെറ്റലും മണ്ണിട്ടുമുയർത്തി എത്രയും വേഗം ടാറിംഗ് നടത്തിയാൽ പ്രശ്നത്തിന് പരിഹാരമാകും
- നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |