ആലപ്പുഴ : തർക്കങ്ങൾ അപരിഹാര്യമായി തുടരവേ ജില്ലയിലെ കോൺഗ്രസിന്റെ ബ്ളോക്ക് മുതൽ വാർഡ് തലംവരെയുള്ള കമ്മിറ്റികളിലും ഭാരവാഹിപ്പട്ടികയിലും തീരുമാനം വൈകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് വിഭജനവും വോട്ടർ പട്ടിക പുതുക്കലുമുടൻ ഉണ്ടാകാനിരിക്കെ ഭാരവാഹി പ്രഖ്യാപനം വൈകുന്നത്
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടിയ്ക്കും മുന്നണിയ്ക്കും തിരിച്ചടിയായേക്കും.
ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരത്തിലെ ഹോട്ടലിൽ നടന്ന മാരത്തൺ ചർച്ചയിൽ കോർകമ്മിറ്റിയെ ചുമതലപ്പെടുത്തി ഒരുമാസം പിന്നിട്ടിട്ടും മണ്ഡലം ,ബൂത്ത് , വാർഡ് ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സംഘടനാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ നിർദ്ദേശ പ്രകാരം ജില്ലാ നേതാക്കൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വച്ച് കെട്ടിയിറക്കിയവരെ കീഴ് ഘടകങ്ങളിൽ അണികളും പ്രാദേശിക നേതാക്കളും അംഗീകരിക്കാതെ വന്നത് പലയിടത്തും സംഘടനാപ്രശ്നങ്ങൾ രൂക്ഷമാക്കി.
ഐ ഗ്രൂപ്പ് രണ്ട് പ്രബല നേതാക്കളുടെ നേതൃത്വത്തിൽ തുല്യശക്തികളാകുകയും രണ്ട് ഗ്രൂപ്പിലുമില്ലാത്തവർ പ്രതിപക്ഷനേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും ലേബലിൽ വെവ്വേറെ ചേരികളായി ധ്രുവീകരിക്കുകയും ചെയ്തതാണ് കേരളത്തിലെമ്പാടുമെന്നപോലെ ആലപ്പുഴയിലും സ്ഥാനമാനങ്ങൾ വീതം വയ്ക്കുന്നതിന് വിലങ്ങുതടിയായത്. ആലപ്പുഴ സൗത്ത് ബ്ളോക്കിൽ ഭാരവാഹി രാജി വയ്ക്കുകയും മാന്നാറിലും മാവേലിക്കരയിലും ചേർത്തലയിലും ഭാരവാഹിപ്പട്ടികയെച്ചൊല്ലിയുള്ള മൂപ്പിളമ തർക്കം രൂക്ഷമാവുകയും ചെയ്തിരുന്നു.
തർക്കങ്ങളിൽ കുരുങ്ങി പട്ടിക
വാർഡ് തലത്തിൽ കുടുംബ യോഗങ്ങൾ സംഘടിപ്പിക്കണമെന്ന നിർദേശം ജില്ലയിൽ ഒരു മണ്ഡലത്തിൽ പോലും പൂർണമായിട്ടില്ല
വാർഡ് പ്രസിഡന്റുമാരുടെ ക്യാമ്പ്, ഐഡന്റിറ്റി കാർഡ് വിതരണം, ലീഡർ കെ.കരുണാകരൻ സ്മാരക ഫണ്ട് പിരിവ് തുടങ്ങിയ കാമ്പയിനുളും പൂർത്തിയാക്കാനായില്ല
ഭാരവാഹി പട്ടികകൾ പരിശോധിക്കാനും അംഗീകരിക്കാനും മൂന്നംഗസമിതിയും കോർകമ്മിറ്റിയും കഴിഞ്ഞയാഴ്ചയും യോഗം ചേർന്നെങ്കിലും അന്തിമ ഭാരവാഹിപട്ടികയായില്ല
ത്രിതല പഞ്ചായത്ത് പടിവാതിക്കലെത്തിയിട്ടും താഴത്തെട്ടിലുള്ള കമ്മിറ്റികളുടെ നേതൃത്വത്തെ തിരഞ്ഞെടുക്കാനാകാത്തത് പാർട്ടിയ്ക്ക് ആകെ അവമതിപ്പിനിടയാക്കിയിട്ടുണ്ട്.
സംഘടനാപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കെ.സി.ജോസഫ്, മരിയാപുരം ശ്രീകുമാർ, ഡി.സി.സി പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി യോഗം ചേരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |