കായംകുളം: സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുമായിരുന്ന പുതുപ്പള്ളി രാഘവന്റെ ഓർമ്മകൾക്ക് ഇന്ന് കാൽനൂറ്റാണ്ട്. മദ്ധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസത്തിന് വിത്തുപാകിയ അദ്ദേഹം വിപ്ളവവും സാഹിത്യവും സമന്വയിപ്പിച്ച എഴുത്തുകാരനുമായിരുന്നു.
വീടിന് സമീപത്തുകൂടി, വന്ദേമാതരം മുഴക്കി നീങ്ങിയ സംഘത്തിനാെപ്പം പതിമൂന്നാം വയസിൽ അണിചേർന്നാണ് പുതുപ്പള്ളിയുടെ പോരാട്ടചരിത്രത്തിന്റെ തുടക്കം.1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സജീവരാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ പുതുപ്പള്ളി പിന്നീടുള്ള കാലം എഴുത്തും വായനയുമായി കഴിഞ്ഞു. ഈ സമയത്താണ് വിപ്ളവ സ്മരണകൾ എന്ന അഞ്ച് ഭാഗങ്ങളുള്ള ആത്മകഥാംശം തുളുമ്പുന്ന മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം എഴുതി തീർത്തത്. 2000 ഏപ്രിൽ 27ന് 90ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പുതുപ്പള്ളി ഗ്രാമവും കായംകുളം ബോയ്സ് ഹൈസ്കൂളും ചെറുപ്പകാലത്ത് രാഘവന്റെ മനസ്സിൽ പരിവർത്തനങ്ങൾ ഉണ്ടാക്കി. ആറാംവയസിൽ ഒരു മിശ്രഭോജനത്തിൽ പങ്കുകൊണ്ടതിന് വീട്ടിൽ നിന്ന് കിട്ടിയ മർദ്ദനമാണ് പിൽക്കാലത്ത് കൊടിയ മർദ്ദനങ്ങളെപ്പോലും വകവെയ്ക്കാതെയുള്ള ആ വിപ്ളവ മനസ്സിന് കരുത്തേകിയത്. 1930ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ നാടുവിട്ടു. മലബാറിലെ വിദേശവസ്ത്ര ബഹിഷ്കരണം, സത്യാഗ്രഹം, നിയമലംഘനസമരം എന്നിവയുടെ മുഖ്യ പ്രചാരകനുമായി.
കമ്മ്യൂണിസ്റ്റുകാരനിലേക്ക്
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് 1942 ൽ കമ്മ്യുണിസ്റ്റുകാരനായി പ്രവർത്തനം തുടങ്ങിയ പുതുപ്പള്ളി പാർട്ടിയുടെ ആദ്യത്തെ ജില്ലാ സെക്രട്ടറിയായത് ഒഴിച്ചാൽ സ്ഥാനമാനങ്ങളും, അധികാരവും അകലെ നിറുത്തുകയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സെക്രട്ടേറിയറ്റിന് മുകളിലെ ബ്രിട്ടീഷ് പതാക മാറ്റി ത്രിവർണ്ണപതാക സ്ഥാപിച്ചതിന് അറസ്റ്റിലായി രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചു. വള്ളികുന്നത്ത് തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് ചെങ്കൊടിയ്ക്ക് പിന്നിൽ അണിനിരത്തി ഫ്യൂഡൽ മേധാവിത്വത്തിനെതിരെ പൊരുതാൻ തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, കേശവൻ പോറ്റി, സി.കെ. കുഞ്ഞിരാമൻ, ശങ്കരനാരായണൻ തമ്പി എന്നിവരെയും പുതുപ്പള്ളി മുന്നിട്ടിറക്കി. 1949ലെ ശൂരനാട് സംഭവത്തെത്തുടർന്ന് കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റിലായ മുതുപ്പള്ളി കൊടിയ മർദ്ദനവും ആറുവർഷത്തെ ജയിൽവാസവും അനുഭവിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനത്ത് ഭരണത്തിലെത്തിയപ്പോൾ അധികാരത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാതെ സോവിയറ്റ് സമീക്ഷ എന്ന പത്രത്തിന്റെ പത്രാധിപരായി മദ്രാസിലേക്ക് പോയി. കേരള പത്രപ്രവർത്തന ചരിത്രം, സ്വദേശാഭിമാനിയുടെ പത്രപ്രവർത്തനം, രാജവാഴ്ചയുടെ ദൃഷ്ടിയിൽ, എസ്.എൻ.ഡി.പി യോഗ ചരിത്രം, ആത്മകഥയായ വിപ്ളവസ്മരണകൾ തുടങ്ങിയവയെല്ലാം പുതുപ്പള്ളിയുടെ പുസ്തകങ്ങളിൽ ചിലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |