ആലപ്പുഴ : മദ്ധ്യവേനലവധിക്കാലത്ത് കിഴക്കിന്റെ വെനീസിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന വടക്കൻകേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻകുറവുണ്ടായത് ഹൗസ് ബോട്ട് മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ക്രിസ്മസ് - ന്യൂ ഇയർ സീസണിലെപ്പോലെ കഴിഞ്ഞ അവധിക്കാലത്ത് ഹൗസ് ബോട്ട് മേഖലയിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടെങ്കിൽ ഇത്തവണ സ്ഥിതി നേർവിപരീതമാണെന്ന് ഹൗസ്ബോട്ട് ഉടമകൾ പറയുന്നു.
കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കൂടുതലായി ആലപ്പുഴയിലെത്തിയിരുന്നത്. കൊവിഡിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടായത് 2023ലാണ്. ആലപ്പുഴയിൽ മാത്രം ആ വർഷം 31,403 അന്താരാഷ്ട്ര വിനോദസഞ്ചാരികളെത്തിയിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 6.5 ലക്ഷമായിരുന്നു. ഇതിൽ 2.25 ലക്ഷം പേരെത്തിയത് വേനലവധിക്കാലത്തായിരുന്നു. 2024ലെ കണക്ക് ടൂറിസം വകുപ്പ് ക്രോഡീകരിച്ച് വരുന്നതെയുള്ളു.
2023ൽ വേനലവധിക്കാലത്ത് എത്തിയ ആഭ്യന്തരസഞ്ചാരികൾ
2.25 ലക്ഷം
ആകർഷിക്കാൻ ശ്രമങ്ങളില്ല
ഹൗസ് ബോട്ട് മേഖലയ്ക്ക് പുറമേ, ഹോം സ്റ്റേ പോലുള്ള അനുബന്ധ മേഖലകളും സീസണിൽ നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്
അന്താരാഷ്ട്ര സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കത്തക്ക മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപം മേഖലയിലുണ്ട്
കഴിഞ്ഞുപോയത് ക്ഷേത്രോത്സവങ്ങളുടെ കാലമാണ്. ഇവയെ ഉയർത്തി സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസംരംഗത്ത് ശ്രമം നടക്കുന്നില്ലെന്നാണ് പരാതി
അവധിക്കാലത്ത് കുട്ടികളോടൊപ്പം ബോട്ടിംഗിനായി വലിയ സംഘങ്ങളായാണ് മുൻകാലങ്ങളിൽ മലബാറിൽ നിന്ന് സഞ്ചാരികൾ ഇവിടേക്ക് എത്തിയിരുന്നത്
വടക്കൻ കേരളത്തിൽ നിന്ന് ധാരാളം സഞ്ചാരികളെത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ സ്ഥിതി ദയനീയമാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നില്ല
- ജോസ് കുട്ടി ജോസഫ്, ഹൗസ്ബോട്ട് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |