തുറവൂർ : തിരുമല ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന്റെ അലങ്കാരഗോപുരം കണ്ടെയ്നർ ലോറി തട്ടി തകർന്നു വീണു. ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചേ നാലരയോടെ തുറവൂർ കുമ്പളങ്ങി റോഡിൽ ടി.ഡി ജംഗ്ഷനിലായിലായിരുന്നു അപകടം.
ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിന് കുറുകെ ദേവീദേവന്മാരുടെ രൂപങ്ങളും ചിത്രപ്പണികളുമായി സിമന്റിൽ നിർമ്മിച്ച ഏകദേശം 10 ടണ്ണോളം ഭാരമുള്ള കിഴക്കുഭാഗത്തെ അലങ്കാരഗോപുരമാണ് തകർന്നത്. ആലപ്പുഴയിൽ നിന്ന് വല്ലാർപ്പാടം കണ്ടെയ്നർ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ തുറവൂർ ജംഗ്ഷനിൽ നിന്ന് തുറവൂർ - കുമ്പളങ്ങി റോഡിലൂടെ വഴി തിരിച്ചുവിട്ട കണ്ടെയ്നർ ലോറി ദിശതെറ്റി ക്ഷേത്രം വക റോഡിലേക്ക് കയറിയപ്പോൾ മുകൾഭാഗം ഗോപുരത്തിന്റെ മദ്ധ്യഭാഗത്തിലിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഗോപുരം നിലംപതിച്ചത്. ഇരുഭാഗത്തെയും തൂണുകൾ ഒടിഞ്ഞു വീണു. അപകടത്തെ തുടർന്ന് തിരുമല കവല വഴി മനക്കോടം,ടി.ഡി സ്കൂൾ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിന്റെ ഭാഗമായി ഇന്നലെ എഴുന്നള്ളിപ്പ് ഈ റോഡുവഴി നടത്തേണ്ടതിനാൽ തിരുമല ദേവസ്വം മാനേജർ എസ്. രാജ്കുമാറിന്റെയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ തകർന്നു വീണ ഗോപുരം ഉച്ചയ്ക്ക് റോഡിൽ നിന്ന് നീക്കി . 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുത്തിയതോട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |