ആലപ്പുഴ : ജില്ലയിലെ സർക്കാർ ഓഫീസ് വളപ്പുകളിൽ കിടക്കുന്ന പഴക്കംചെന്ന വാഹനങ്ങൾ ലേലം ചെയ്ത് മാറ്റണമെന്ന് ആവശ്യമുയരുന്നു. ലേലത്തിലൂടെ വലിയൊരു തുക ഖജനാവിലേക്ക് എത്തുമെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്നില്ല. ആരോഗ്യം , ആഭ്യന്തരം വകുപ്പുകളുടെ വാഹനങ്ങളാണ് ഉപയോഗശൂന്യമായ നിലയിൽ മഴയും വെയിലുമേറ്റ് നശിക്കുന്നവയിൽ കൂടുതലും. ആംബുലൻസ്, പൊലീസ് ജീപ്പ്, കാർ, ഇരുചക്രവാഹനങ്ങൾ, ലോറി, ബസ്, ടിപ്പർ തുടങ്ങിയവ നശിക്കുന്നവയിൽപ്പെടും.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും വിവിധ കേസുകളുടെ ഭാഗമായി കണ്ടെടുക്കുന്ന തൊണ്ടി വാഹനങ്ങൾ സ്റ്റേഷൻ വളപ്പുകളിലും സമീപത്തും കിടന്ന് നശിക്കുകയാണ്. തൊണ്ടിയായി ആലപ്പുഴ നോർത്ത് പൊലീസ് കണ്ടുകെട്ടിയ ലോറി കയർഫെഡ് കെട്ടിടത്തിനോട് ചേർന്നുള്ള ഭാഗത്ത് ഇട്ടിട്ട് പത്ത് വർഷം കഴിഞ്ഞാണ് മാറ്റിയത്. ആറു മാസത്തിനുള്ളിൽ അഞ്ച് തവണ കയർഫെഡ് ചെയർമാൻ ആലപ്പുഴ നോർത്ത് പൊലീസിന് പരാതി നൽകിയ ശേഷമാണ് ലോറി മാറ്റാൻ തയ്യാറായത്.
അപകടത്തിൽപ്പെടുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയും ലഹരി പരിശോധനയിൽ എക്സൈസ് പിടിക്കുന്ന വാഹനങ്ങളും കേസ് തീർപ്പാക്കുന്നതുവരെ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ തൊണ്ടിമുതലായി സൂക്ഷിക്കണമെന്നാണ് നിയമം. ഈ വാഹനങ്ങൾ സൂക്ഷിക്കാൻ വളപ്പുകൾക്കുള്ളിൽ സ്ഥലമില്ലാതെ വിഷമിക്കുകയാണ് എക്സൈസും പൊലീസും.
ലേലം വൈകുന്നു
108ആംബുലൻസുകൾ ഉൾപ്പെടെയുള്ളവയുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ് ആലപ്പുഴ ജനറൽ ആശുപത്രി വളപ്പ്
മോർച്ചറിക്ക് സമീപം 19ആംബുലൻസുകളാണ് കുറ്റിക്കാടുകളിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത്
ആശുപത്രി വളപ്പിൽ തന്നെ ജീപ്പും മറ്റ് വാഹനങ്ങളും തുരുമ്പെടുക്കുന്ന അവസ്ഥയിലുണ്ട്
ഇവ ലേലം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചെങ്കിലും ആരോഗ്യവകുപ്പ് ഡയറക്ടറുടെ അനുമതി വൈകുന്നത് തടസമായി
'ഉപയോഗശൂന്യമായ ആംബുലൻസുകൾ അടിയന്തരമായി ലേലം ചെയ്യണം. സർക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്നതിനൊപ്പം ആശുപത്രി വളപ്പ് വൃത്തിയായി കിടക്കുകയും ചെയ്യും
- പ്രമോദ്, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |