മാന്നാർ: സ്റ്റമ്പ് ലക്ഷ്യമാക്കി ബാൾ എറിയാനായി മുന്നോട്ടാഞ്ഞ ബൗളർ കുനിഞ്ഞ് മൈതാനത്ത് ഇരിക്കുന്നത് കണ്ട് അസ്വഭാവികത തോന്നിയ കൂട്ടുകാർ ഓടിയെത്തി താങ്ങിയെടുത്തപ്പോൾ, അവരുടെ ഉള്ളം നടുങ്ങി.
പ്രിയ സുഹൃത്തിന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവസാനിക്കുന്നതുപോലെ ഒരു തോന്നൽ. കൂട്ടത്തിലുണ്ടായിരുന്ന ഡോക്ടർ വിഷ്ണു ചന്ദ്രനും പരുമല ആശുപത്രിയിലെ നഴ്സായ സുജിത്തും പിന്നെ ഒട്ടും അമാന്തിച്ചില്ല. സി.പി.ആർ(കാർഡിയോ പൾമണറി റെസസിറ്റേഷൻ) നൽകി പ്രിയ സുഹൃത്തിനെ ജീവിതത്തിലേക്ക് തിരികൊണ്ടുവരാനുള്ള തീവ്രശ്രമം തുടങ്ങി.
പെട്ടെന്ന് വാഹനത്തിൽ കയറ്റി പരുമല ആശുപത്രിയിലേക്കൊരു പാച്ചിലായിരുന്നു. വാഹനത്തിലും ഹോസ്പിറ്റലിൽ വച്ചും വീണ്ടും സി.പി.ആർ, പിന്നെ വെന്റിലേറ്ററിലേക്ക്. ഏതാനും നിമിഷം കഴിഞ്ഞ് ഡോക്ടർ ആശ്വാസ വാക്കുകളുമായെത്തിയപ്പോഴാണ് അവർക്ക് അല്പമെങ്കിലും സമാധാനമായത്. തക്കസമയത്ത് സി.പി.ആർ നൽകാനും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞതാണ് മാന്നാർ കുരട്ടിശ്ശേരി നമ്പരവടക്കേതിൽ ശരീഫ് ഹമീദിന് (48) രക്ഷയായത്.ഹൃദയത്തിൽ ബ്ലോക്കുള്ളതിനാൽ സർജറി നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
കൂട്ടായ്‌മയുടെ സൺഡേ ക്രിക്കറ്റ് ക്ലബ്
മാന്നാർ നായർസമാജം സ്‌കൂൾ മൈതാനത്ത് ഞായറാഴ്ചകളിൽ രാവിലെ ക്രിക്കറ്റ് കളിക്കാൻ ഒത്തുകൂടുന്ന സൺഡേ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളാണ് ഷെരീഫും സുജിത്തും വിഷ്ണുവുമെല്ലാം.ഇതിനിടെയാണ് ഷെരീഫിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. മഞ്ഞപ്പിത്ത ചികിത്സയിൽ പേരുകേട്ട മാന്നാർ കൊല്ലശ്ശേരിൽ കുടുംബത്തിലെ ഇളംതലമുറക്കാരനാണ് ഡോ.വിഷ്ണുചന്ദ്രൻ. പതിനാറു വർഷമായി പരുമല ആശുപത്രിയിൽ സ്റ്റാഫ്‌നഴ്‌സായി ജോലി ചെയ്യുകയാണ് പരുമല കുരിശുംമൂട്ടിൽ സുജിത് കെ.ജോർജ്ജ്. കുഴഞ്ഞുവീണ രോഗികൾക്ക് സി.പി.ആർ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുജിത്തിന് ഇതിനു മുമ്പും കഴിഞ്ഞിട്ടുണ്ട്. മാന്നാർ സൺഡേ ക്രിക്കറ്റേഴ്‌സ് ക്ലബിൽ എൺപതോളം അംഗങ്ങളാണുള്ളത്. അവരുടെ ദുഖത്തിലും സന്തോഷത്തിലും ഒത്തൊരുമിക്കുന്ന ഈ കൂട്ടായ്മ പ്രിയസുഹൃത്തിന്റെ ചികിത്സക്കായും ഒപ്പമുണ്ട്.
ഹൃദയത്തിന്റെ സ്പന്ദനം നിലച്ചുപോകുന്ന അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം. ഇത് സംഭവിച്ചാൽ തളർന്നുവീഴും. അടിയന്തര ചികിത്സ കിട്ടിയില്ലെങ്കിൽ ജീവൻ നഷ്ടമാകും. സി.പി.ആർ നൽകി ആശുപത്രിയിൽ എത്രയും പെട്ടെന്ന് എത്തിക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. എല്ലാവരും സി.പി.ആർ പരിശീലിക്കണം
- ഡോ.ബാലു പി.ആർ.എസ്, സീനിയർ കൺസൾട്ടന്റ്,
പരുമല ആശുപത്രി അത്യാഹിത വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |