ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാന പ്രതിയായ ക്രിസ്റ്റീനയെന്ന തസ്ളിമയുടെ ഭർത്താവും മൂന്നാംപ്രതിയുമായ സുൽത്താന്റെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ വിശദ അന്വേഷണത്തിനൊരുങ്ങി അന്വേഷണ സംഘം. സുൽത്താന്റെ ആധാർ, പാൻ കാർഡ് വിവരങ്ങൾ അടിസ്ഥാനമാക്കി ഇന്ത്യയിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ഇയാളുടെ പേരിൽ അക്കൗണ്ടുകളുണ്ടോയെന്ന് കണ്ടെത്താനായി എക്സൈസ് സി.ഡി.എസ്.എല്ലിന് (സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡ്) കത്തുനൽകി. ഒരു ബാങ്കിലും സ്വന്തമായി അക്കൗണ്ടില്ലെന്നാണ് പ്രതി മൊഴിനൽകിയിട്ടുള്ളത്.എന്നാൽ, ഇത് വിശ്വാസത്തിലെടുക്കാത്ത എക്സൈസ് സംഘം രാജ്യാന്തര ബന്ധമുള്ള സുൽത്താന്റെ ബാങ്ക് നിക്ഷേപങ്ങളും സ്വത്തുക്കളും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. ഇതിനായി രജിസ്ട്രേഷൻ, തദ്ദേശസ്ഥാപനങ്ങൾ, റവന്യുവകുപ്പ് എന്നിവിടങ്ങളിൽ കത്ത് നൽകും. ഇതുമായിബന്ധപ്പെട്ട് അന്വേഷണസംഘത്തിലുൾപ്പെട്ട ഒരു സംഘം വൈകാതെ തമിഴ്നാട്ടിലേക്ക് തിരിക്കും.
പിടിയിലാകുന്നതിന് തൊട്ടുമുമ്പുവരെ മാസങ്ങളുടെ ഇടവേളകളിൽ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ സുൽത്താൻ നിരന്തരം യാത്ര ചെയ്തിട്ടുണ്ട്. മലേഷ്യയിൽ സുൽത്താന്റെ ബന്ധുവിന് ഹോട്ടലുണ്ട്. ഈ പരിചയം മുതലെടുത്ത് ഇവിടെ നിരന്തരം സന്ദർശിച്ചിരുന്ന സുൽത്താന് വിദേശ യാത്രകളിലും അവിടെ തങ്ങുന്നതിനും പണം ആവശ്യമാണെന്നിരിക്കെ, സ്വന്തമായി അക്കൗണ്ടില്ലെങ്കിൽ ബിനാമി അക്കൗണ്ടുകളിൽ ഇടപാട് നടന്നിട്ടുണ്ടാകാമെന്നും സ്വർണകള്ളക്കടത്തിന് പല തവണ പിടിക്കപ്പെട്ട പ്രതി കള്ളക്കടത്തിനും ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |