ആലപ്പുഴ: മുൻകൂർ ബുക്കിംഗ് പ്രകാരം ഗ്രാമപ്രദേങ്ങളിലെ വെറ്ററിനറി ക്ലിനിക്കുകളിലെത്തി ശസ്ത്രക്രിയകൾ നടത്തുന്ന മൊബൈൽ സർജറി യൂണിറ്റ് ജില്ലയിൽ ആരംഭിക്കുന്നു. ജില്ലാ മൃഗാശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോക്ടറുൾപ്പെടുന്ന സംഘം ആറോളം മൃഗാശുപത്രികളിലെത്തിയാവും ഓപ്പറേഷനുകൾ നടത്തുക. വിവിധ ആശുപത്രികളിൽ ഓപ്പറേഷൻ തിയേറ്റർ ക്രമീകരിച്ചുവരികയാണ്. ജില്ലയിൽ കുട്ടനാട് കേന്ദ്രീകരിച്ച് ആഴ്ച്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കുന്ന ഫ്ലോട്ടിംഗ് മൃഗാശുപത്രിയും രാത്രികാല സേവനം നൽകുന്ന അഞ്ച് സഞ്ചരിക്കുന്ന മൃഗാശുപത്രികളുമുണ്ട്. കഞ്ഞിക്കുഴി, മുതുകുളം എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യം രാത്രികാല മൊബൈൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചത്. പട്ടണക്കാട്, മാവേലിക്കര, അമ്പലപ്പുഴ ബ്ലോക്കുകളിലേക്കാണ് പുതിയ യൂണിറ്റുകൾ തയാറാകുന്നത്. പുതിയ മൂന്ന് യൂണിറ്റിലേക്കുമുള്ള ഡോക്ടർമാരുടെ നിയമന നടപടികൾ നടന്നുവരികയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പദ്ധതിക്ക് കീഴിലാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ പ്രവർത്തിക്കുക.
പ്രവർത്തന സമയം
ബ്ലോക്കുകൾ:
കഞ്ഞിക്കുഴി, മുതുകുളം:
വൈകിട്ട് 6 മുതൽ രാവിലെ 6 വരെ
പട്ടണക്കാട്, മാവേലിക്കര, അമ്പലപ്പുഴ:
വൈകിട്ട് 6 മുതൽ രാവിലെ 5 വരെ
ജീവനക്കാർ
ഒരു ഡോക്ടർ, പാരാ വെറ്ററിനറി ജീവനക്കാരൻ, ഡ്രൈവർ കം അറ്റൻഡന്റ്
ഫോൺ ടോൾ ഫ്രീ നമ്പർ - 1962
ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെയായിരുന്നു മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സമയം. നിലവിൽ സമയ ക്രമീകരണം നടത്തിയിട്ടുണ്ട്. ജീവനക്കാരുടെ നിയമനം ഉടൻ പൂർത്തിയാകും. ഒരു മാസത്തിനകം മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനം ആരംഭിക്കും
- ഡോ.അരുണോദയ, ജില്ലാ വെറ്ററിനറി ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |