ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന വർണാഭമായ വിളംബര ജാഥ നടന്നു. ഇന്ന് മുതൽ 12 വരെ ആലപ്പുഴ ബീച്ചിലാണ് പ്രദർശനമേള നടക്കുന്നത്. കളക്ടറേറ്റിൽ നിന്ന് വൈകിട്ട് 4.30ന് ആരംഭിച്ച ജാഥ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ പ്രദർശന നഗരിയായ ആലപ്പുഴ ബീച്ചിൽ സമാപിച്ചു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ അണിനിരന്ന ജാഥ നഗരവീഥിക്ക് ഉത്സവഛായ പകർന്നു.
ചെണ്ടമേളം,നാസിക് ഡോൾ, വനിത സംഘത്തിന്റെ ശിങ്കാരിമേളം, ബാൻഡ് മേളം, കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, തെയ്യം, കുട്ടികളുടെ റോളർ സ്കേറ്റിംഗ്, ത്രിവർണ പതാക കയ്യിലേന്തിയ ഭാരതാംബ, ആരോഗ്യ വകുപ്പിന്റെ നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ ജാഥയുടെ ആകർഷണമായി.
പി പി ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി .രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, എ.ഡി.എം ആശ.സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ കുടുംബശ്രീ, ഹരിതകർമ്മസേന പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, എൻ.എസ്.എസ് വോളണ്ടിയർമാർ, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്നു. ഏഴ് ദിവസം നീളുന്ന എന്റെ കേരളം മെഗാ പ്രദർശനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ ബീച്ചിലെ വേദിയിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |