ആലപ്പുഴ:അമൃത് ഭാരത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കാനുള്ള നടപടികൾക്ക് വേഗത തീരെയില്ല. 2023ന്റെ അവസാനത്തിൽ ആരംഭിച്ച നവീകരണം അറ് മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു
പ്രഖ്യാപനം. എന്നാൽ, നിർമ്മാണപ്രവൃത്തി ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പും പാഴ് വാക്കായി. തൊഴിലാളികളെ കൃത്യമായി വിനിയോഗിക്കുന്നതിൽ കരാർ കമ്പനി വീഴ്ച്ചവരുത്തിയതാണ് നിർമ്മാണം ഇഴയാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം.
ജോലികൾ നടക്കുന്നുണ്ടെങ്കിലും, ഒരേ സമയം പല സ്ഥലങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ വിനിയോഗിച്ച് നിർമ്മാണത്തിന്റെ വേഗത കൂട്ടാൻ ഇനിയും സാധിച്ചിട്ടില്ല.
എട്ട് കോടിയുടെ നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷൻ കവാടം മുന്നിലേക്ക് നീങ്ങും. ഓട്ടോ, ടാക്സി സ്റ്റാൻഡുകൾക്കും മാറ്റമുണ്ടാകും. യാത്രക്കാർക്കായി എസ്‌കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ, കുടിവെള്ളത്തിനുള്ള ക്രമീകരണം, പ്ളാറ്റ്ഫോമിലെ കോച്ചുകളുടെ സ്ഥാനം അറിയാനുള്ള ഡിജിറ്റൽ സംവിധാനം തുടങ്ങിയവ ഏർപ്പെടുത്തും. സ്റ്റേഷനിലെ ടാക്സി, ഓട്ടോ തൊഴിലാളികൾക്കായി ടോയ്ലറ്റും നിർമ്മിക്കും.
വാഹനങ്ങളിൽ വന്നുപോകുന്നവർക്ക് സ്റ്റേഷനിൽ നിന്ന് നേരിട്ട് അതിനുള്ള സൗകര്യം വേണമെന്നതാണ് യാത്രക്കാർക്ക് ആവശ്യം.
യാത്രക്കാർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന സർക്കുലേറ്റിംഗ് ഗ്രൗണ്ട്, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലെ കോൺക്രീറ്റ് ജോലികൾ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡ് നിർമ്മിക്കണം. പോർട്ടികോയിൽ തൂണിന്റെ നിർമ്മാണം എന്നിവയാണ് തുടരുന്നത്.
പദ്ധതിതുക:
8 കോടി
നിലവിലെ പുരോഗതി
#സ്റ്റേഷന് മുന്നിലെ കോൺക്രീറ്റ് ജോലികൾ 90 ശതമാനം പൂർത്തിയായി
# പ്രവേശനകവാടത്തിലെ ആർച്ചിന് മേൽക്കൂര പണിയുന്നു
# നടപ്പാതയുടെ നിർമ്മാണം 80 ശതമാനം പിന്നിട്ടു
# നടപ്പാതയിലെ ഇലക്ട്രിക്കൽ ജോലികൾ നടക്കുന്നു
# ടിക്കറ്റ് കൗണ്ടർ നിർമ്മാണം പുരോഗമിക്കുന്നു
നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച തീയതികളെല്ലാം കഴിഞ്ഞു. ജോലി വളരെ ഇഴഞ്ഞാണ് നീങ്ങുന്നത്. സ്വകാര്യ ബസ് പോലും സ്റ്റേഷനിലേക്ക് എത്താത്തതിനാൽ വലിയ ബുദ്ധിമുട്ടാണ്
- ട്രെയിൻ യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |