മാന്നാർ: ആഗ്രഹങ്ങൾക്ക് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച്, കൗമാരപ്രായത്തിൽ ലഭിക്കാതെ പോയ നടന വൈഭവം യൗവനത്തിൽ തിരികെപ്പിടിക്കാൻ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്ര സന്നിധിയെ ധന്യമാക്കി ആറ് അമ്മമാർ നിറഞ്ഞാടി. ക്ഷേത്രത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തിന്റെ പതിനഞ്ചാം ദിനമായിരുന്നു അമ്മമാരുടെ ഭരതനാട്യ അരങ്ങേറ്റം. മാവേലിക്കര പ്രായിക്കര സ്വദേശിനി ഇംഗ്ലീഷ് അദ്ധ്യാപികയായ സുമിത്ര ഗോവർദ്ധൻ, തിരുവല്ല സെന്റ് മേരീസ് വിമൻസ് കോളേജ് മൈക്രോ ബയോളജി ഡിപ്പാർട്മെന്റ് അസി.പ്രൊഫസർ വഴുവാടി സ്വദേശിനി സിനി കൃഷണൻ, പോസ്റ്റ് മാസ്റ്റർ കുരട്ടിക്കാട് സ്വദേശിനി ലക്ഷ്മി ആർ.പിള്ള, ഇരമത്തൂർ സ്വദേശിനി ബ്യൂട്ടീഷനായ ലക്ഷ്മി ജയൻ, ട്യൂഷൻ അദ്ധ്യാപിക ബുധനൂർ സ്വദേശിനി സിന്ധു ഉദയൻ, അടൂർ ഡ്രീം സ്കൈ എവിയേഷൻ ട്രെയിനിംഗ് അക്കാദമി സെന്റർ ഹെഡ് പരുമല സ്വദേശിനി ഗായത്രി ദിലീപ് എന്നിവരാണ് പാട്ടമ്പലത്തിൽ ഭരതനാട്യ അരങ്ങേറ്റം കുറിച്ചത്. ഇവരിൽ ലക്ഷ്മി ജയൻ ഏഴു മാസങ്ങൾക്ക് മുമ്പ് കഥകളിയിലും അരങ്ങേറ്റം കുറിച്ചിരുന്നു.
ഒരുവർഷത്തെ പരിശീലനം
മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന പേങ്ങാട്ടുമഠം കലാഗൃഹം ഡയറക്ടർ ആർ.എൽ.വി രശ്മി സന്തോഷിന്റെ ശിക്ഷണത്തിൽ മൂന്ന് വർഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഈ അമ്മമാർ അരങ്ങേറ്റത്തിനായി ഒരു വർഷമായി കഠിന പരിശീലനത്തിലായിരുന്നു. ഇവരോടൊപ്പം പേങ്ങാട്ടുമഠത്തിലെ ഏഴ് ബാലികമാരും പാട്ടമ്പല മഹോൽസവ വേദിയിൽ നിറഞ്ഞ സദസിനു മുമ്പിൽ അരങ്ങേറ്റം കുറിച്ചു. ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ ബിപിൻ ജോർജ് 'നടനം മോഹനം' രംഗപ്രവേശം 2025 ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുരട്ടിക്കാട് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് സത്യപ്രകാശ്, നാടക കലാസംവിധായകൻ രാജു എൽ.പോൾ, പേങ്ങാട്ട് മഠം കലാഗൃഹം ഡയറക്ടർമാരായ സന്തോഷ് പേങ്ങാട്ട്മഠം, ആർ.എൽ.വി രശ്മി സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |