ആലപ്പുഴ: വകുപ്പ് തല പരീക്ഷകൾ പാസായവരെ പിന്തള്ളി അനർഹർ രാഷ്ട്രീയ സ്വാധീനം വഴി എക്സൈസ് പ്രിവന്റീവ് ഓഫീസർ തസ്തികയിൽ നിയമനം നേടുന്നുവെന്ന് ആക്ഷേപം. നിശ്ചിത വകുപ്പുതല പരീക്ഷ പാസാകാതെ സംസ്ഥാനത്ത് 29 പേർ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായി തുടരുന്നുണ്ടെന്ന് പേര് വിവരങ്ങൾ സഹിതം നിയമസഭാ ചോദ്യത്തിന് സർക്കാർ മറുപടി നൽകിയതോടെയാണ് അനർഹർക്കെതിരെ ഒരു വിഭാഗം ജീവനക്കാർ രംഗത്തെത്തിയത്. അനർഹർ ഇത്തരത്തിൽ സ്ഥാനക്കയറ്റം നേടുമ്പോൾ, മറ്റുള്ളവർക്ക് അർഹമായ സ്ഥാനക്കയറ്റം പോലും ലഭിക്കുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഈ മറുപടി. എന്തായാലും,
വിഷയം എക്സൈസ് വകുപ്പിൽ ആഭ്യന്തര കലഹത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.
2008 വരെ എക്സൈസ് വകുപ്പ് നേരിട്ടാണ് പ്രിവന്റീവ് ഓഫീസർ നിയമനം നടത്തിയിരുന്നത്. 2015 ജനുവരിയിൽ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് ഉത്തരവിറക്കി. നേരിട്ടുള്ള നിയമനം നിറുത്തലാക്കിയപ്പോൾ 2018 മുതൽ മുൻകാല പ്രാബല്യത്തോടെ വകുപ്പുതല പരീക്ഷകൾ എല്ലാ പ്രിവന്റീവ് ഓഫീസർ സ്ഥാനക്കയറ്റത്തിനും നിർബന്ധമാക്കുകയായിരുന്നു.
അനധികൃതമായി സ്ഥാനക്കയറ്റം ലഭിച്ച് പ്രിവന്റീവ് ഓഫീസർമാർ രജിസ്റ്റർ ചെയ്യുന്ന കേസുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, ഇവർ കൈകാര്യം ചെയ്യുന്ന കേസുകൾ നിയമപരമായി നിലനിൽക്കുമെന്നാണ് നിയമസഭയിൽ സർക്കാർ വ്യക്തമാക്കിയത്.
പരീക്ഷ പാസാകാത്ത
പ്രിവന്റീവ് ഓഫീസർമാർ: 29
ഒരു വിഭാഗം ജീവനക്കാർ രംഗത്ത്
1. പതിനൊന്നു പേർ സബോർഡിനേറ്റ് റൂൾസ് സർവീസ് പ്രകാരമുള്ള ആനുകൂല്യത്തിലാണ് പ്രിവന്റീവ് ഓഫീസർമാരായത്. 5 പേർ വകുപ്പുതല പരീക്ഷകൾ ഏർപ്പെടുത്തിയ ഉത്തരവിന് മുമ്പ് സ്ഥാനക്കയറ്റം ലഭിച്ചവരാണ്
2. മൂന്നുപേർ സ്പെഷ്യൽറൂൾ ഭേദഗതി തീയതിക്ക് മുമ്പ് സ്ഥാനക്കയറ്റം ലഭിച്ചവരാണ്. ഒരാൾ ഹൈക്കോടതി ഉത്തരവ് പ്രകാരവും 10പേർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരവും തുടരുന്നവരാണ്
3. ലഹരിക്കെതിരെ ഓപ്പറേഷൻ ക്ലീൻസ്ലേറ്റ് പദ്ധതിയുൾപ്പടെ തുടരുന്നതിനിടെയാണ് എക്സൈസിനുള്ളിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. വാറണ്ടില്ലാതെ തിരച്ചിൽ നടത്താനും പത്തുവർഷത്തിനു മുകളിൽ ശിക്ഷകിട്ടുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താനും അധികാരമുള്ള തസ്തികയാണിത്
4. ആക്ഷേപം ഉയരുമ്പോൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി ജീവനക്കാരെ തുടരാൻ വകുപ്പ് അനുവദിക്കുന്നതായും ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു
പുസ്തകം നോക്കിയെഴുതുന്ന വകുപ്പുതല പരീക്ഷകൾ പോലും പാസ്സാകാൻ കഴിയാത്തവരാണ് പ്രമോഷൻ വേണമെന്നും സർവീസ് മാത്രം കണക്കാക്കി യൂണിഫോമിൽ മാറ്റം വേണമെന്നും ആവശ്യപ്പെടുന്നത്
- ഒരു വിഭാഗം എക്സൈസ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |