ആലപ്പുഴ: മില്ലുകാർ സംഭരണത്തിന് വിസമ്മതിച്ച ആലപ്പുഴയിലെ എട്ട് പാടശേഖരങ്ങളിൽ നിന്നുള്ള 1,160 മെട്രിക് ടൺ നെല്ല് ഓയിൽപാം ഇന്ത്യ ഏറ്റെടുക്കും. നിലവിൽ സപ്ളൈകോ നൽകുന്ന അതേ വിലയ്ക്ക് (കിലോ ഗ്രാമിന് 28.20പൈസ) നിരക്കിൽ നെല്ല് ഏറ്റെടുക്കാൻകഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതലയോഗത്തിൽ തീരുമാനമായി.കേരളത്തിലെ നെല്ലു മുഴുവൻ സംഭരിക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്. ഇത് അരിയാക്കി തിരികെ നൽകാൻ അംഗീകൃത മില്ലുകളെ സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുട്ടനാട് മേഖലയിൽ ഉല്പാദിപ്പിച്ച നെല്ലിന്റെ ഗുണമേന്മയിൽ കുറവ് ആരോപിച്ചാണ് ഇത്തവണ സംഭരണത്തിൽ മില്ലുകൾ വിമുഖത കാട്ടിയത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പൊതുവിതരണം, കൃഷി , ധനകാര്യം , സഹകരണം, ഫിഷറീസ് , വിദ്യുച്ഛക്തിമന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗം ചേരുകയും, നെല്ല് അടിയന്തരമായി സംഭരിക്കാൻ ഓയിൽ പാം ഇന്ത്യയെ ചുമതലപ്പെടുത്തുകയുമായിരുന്നു. മാത്രമല്ല, ഉപ്പുവെള്ളം കയറിയതിനെ തുടർന്നുണ്ടായ കൃഷിനാശം വിലയിരുത്തി നഷ്ടപരിഹാരം നിശ്ചയിക്കാൻ ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകുവാനും ഉഷ്ണതരംഗം മൂലം ഉല്പാദനത്തിലുണ്ടായ കുറവ് കണക്കാക്കി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനും തീരുമാനമായി.
1,160 മെട്രിക് ടൺ നെല്ല് സംഭരിക്കും
1.പുഞ്ചക്കൃഷി നെല്ല് സംഭരണം അവസാനഘട്ടത്തിലെത്തിയിട്ടും കിഴിവിനെ ചൊല്ലിയുള്ള തർക്കത്തിൽ സംഭരണം മുടങ്ങുകയും കൊയ്തെടുത്ത നെല്ല് പാടങ്ങളിൽ കൂട്ടിയിട്ട് കർഷകർ പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓയിൽ പാം ഇന്ത്യയുടെ സഹായത്തോടെ നെല്ല് ഏറ്റെടുക്കാൻ ധാരണയായത്
2.ഓരുവെള്ളഭീഷണിയും ഉഷ്ണ തരംഗവും കാരണം അരിവീഴ്ച കുറഞ്ഞവ കുത്തിയെടുക്കാൻ ഗുണനിലവാരമില്ലെന്ന പേരിലാണ് മില്ലുകാർ സംഭരണത്തിന് വിസമ്മതിച്ചത്.മില്ലുകാർ ആവശ്യപ്പെട്ട കിഴിവ് നൽകാൻ കർഷകർ തയ്യാറായെങ്കിലും അരിപൊടിഞ്ഞുപോകുമെന്ന കാരണത്താൽ മില്ലുകാർ പിൻമാറുകയായിരുന്നു
3.ആലപ്പുഴ നഗരസഭാ പരിധിയിലെ കന്നിട്ട-സി, അമ്പലപ്പുഴ നോർത്ത് കൃഷിഭവൻ പരിധിയിലെ നാല് പാടശേഖരങ്ങൾ, ചമ്പക്കുളത്തെ രണ്ട് പാടങ്ങൾ, മാന്നാറിലെ കുടുവെള്ളരി.എ എന്നീപാടങ്ങളിലായാണ് 1160 മെട്രിക് ടൺ നെല്ല് കെട്ടികിടന്നത്
4.കോട്ടയംകോടിമാതയിലെ ഓയിൽപാം ഇന്ത്യ കോർപ്പറേഷൻ മുഖേന നെല്ല് സംഭരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ പാടങ്ങളിൽ നിന്നുള്ള നെല്ല് ഓയിൽപാം ഇന്ത്യ സംഭരിക്കും. കന്നുകാലി, കോഴി തീറ്റയിൽ ചേർക്കുന്നതിനായി ഇത് ഉപയോഗപ്പെടുത്താനാണ് നീക്കം
5.ഓയിൽപാം ഇന്ത്യയിൽ നിന്ന് നെല്ലിന്റെ വില കർഷകരുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നാണ് അറിയുന്നത്. വിളവ് നഷ്ടത്തിന്റെ പേരിൽ വിഷമിക്കുന്ന കർഷകരെ സംബന്ധിച്ച് ഏറ്റവും പ്രയോജനകരമായ നടപടിയാണിത്
6. ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള നെല്ലിന്റെ വിലപോലും സംഭരണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷവും സപ്ളൈകോയിൽ നിന്ന് കർഷകർക്ക് ലഭിക്കാത്ത സാഹചര്യത്തിൽ നെല്ലിന്റെ വില ഉടൻ കർഷകരുടെ അക്കൗണ്ടിൽ നൽകുമെന്നത് വലിയ ആശ്വാസമാകും
വിളവ് നഷ്ടത്തെതുടർന്ന് മില്ലുകാർ സംഭരിക്കാൻ വിസമ്മതിച്ച നെല്ല് ഓയിൽപാം ഇന്ത്യയുടെ സഹായത്തോടെ സംഭരിച്ച നടപടി കർഷകർക്ക് ആശ്വാസപ്രദമാണ്
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി.
.............................
ഓയിൽപാം ഇന്ത്യ സംഭരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച പാടങ്ങളിലെ നെല്ല് ഉടൻ ഏറ്റെടുക്കും.കർഷകരുടെ അക്കൗണ്ടിൽ പണം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്
- ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |