മാന്നാർ: വെങ്കലദേശത്തിൻ ദേവതയായി വാഴും കുരട്ടിക്കാട് പാട്ടമ്പലത്തിലമ്മയുടെ പുറത്തെഴുന്നെള്ളിപ്പ് മുതൽ അകത്തെഴുന്നെള്ളിപ്പ് വരെയുള്ള 20 ദിവസക്കാലം ദേവിയുടെ പറയ്ക്കെഴുന്നെള്ളിപ്പിനും അൻപൊലിക്കും അകമ്പടിയേകിയത് മൂന്ന് തലമുറയുടെ മേളപ്പെരുമ. പ്രശസ്ത മേളപ്രമാണി കീരിക്കാട് പുരുഷോത്തമപ്പണിക്കർ (78), മകൻ രതീഷ് കുമാർ (45), കൊച്ചുമകൻ അദ്വൈത് (11) എന്നിവർ ചേർന്നൊരുക്കിയ മേളപ്പെരുക്കത്തിൽ ഇരുപത് നാൾ മാന്നാറിന്റെ ഗ്രാമവീഥികൾ ഉത്സവ ലഹരിയിലായി. കലാരത്നം മാവേലിക്കര വാരണാസി മാധവൻ നമ്പൂതിരിയുടെ ശിഷ്യനായി ചെണ്ടമേളത്തിൽ കൊട്ടിക്കയറിയ പുരുഷോത്തമപ്പണിക്കർ അരനൂറ്റാണ്ടിലേറെയായി പാട്ടമ്പലത്തിലമ്മയുടെ പറയ്ക്കെഴുന്നെള്ളിപ്പിന് മേളപ്രമാണിയാണ്. പിതാവിന്റെ ശിക്ഷണത്തിൽ വാദ്യ കലാകാരനായി മാറിയ രതീഷ് കുമാർ പാട്ടമ്പത്തിലമ്മയുടെ പറയ്ക്കെഴുന്നെള്ളിപ്പിന് ഒപ്പം കൂടിയിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു.
കീരിക്കാട് പുരുഷോത്തമപ്പണിക്കരുടെ മറ്റൊരു മകൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന രാജേഷ് കുമാർ (43) അവധിയെടുത്ത് ഇവരോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും അതിർത്തിയിലെ സംഘർഷം കാരണം പെട്ടെന്ന് തിരികെപ്പോകേണ്ടി വന്നു. രതീഷ് കുമാറിന്റെ മകനായ അദ്വൈത് ചെണ്ടയിൽ അരങ്ങേറ്റം കുറിക്കാൻ രണ്ട് വർഷമായി ഇവരോടൊപ്പം പരിശീലനത്തിലാണ്. അദ്വൈതിന്റെ ജ്യേഷ്ഠൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ അർജ്ജുൻ ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിലും സംസ്ഥാന കലോത്സവത്തിലും ചെണ്ടമേളത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. പാട്ടമ്പലത്തിലമ്മയുടെ അനുഗ്രഹമാണ് പാരമ്പര്യമായി മേളം നടത്താൻ കഴിയുന്നതെന്നും അമ്മ അനുവദിക്കുന്നത് വരെ അത് തുടരുമെന്നും കീരിക്കാട് പുരുഷോത്തമപ്പണിക്കർ പറയുന്നു. നാളെ പുലർച്ചെ പാട്ടമ്പലത്തിലമ്മയുടെ അകത്തെഴുന്നെള്ളിപ്പോടെ കീരിക്കാട് പുരുഷോത്തമൻ പ്പണിക്കരും സംഘവും മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |