അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഇടനാഴികളിൽ വരെ തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിച്ചു തുടങ്ങിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഭീതിയിൽ. ആശുപത്രി പരിസരത്ത് തമ്പടിച്ചിരുന്ന നായ്ക്കളാണ് ഇപ്പോൾ കെട്ടിടത്തിനുള്ളിലേക്ക് കടന്നുതുടങ്ങിയത്.
വാർഡുകളിൽ ചികിത്സയിലുള്ള രോഗികൾക്ക് ഭക്ഷണവുമായി എത്തുമ്പോൾ കൂട്ടിരിപ്പുകാർക്ക് നേരെ തെരുവുനായകൾ പാഞ്ഞടുക്കുന്നതും പതിവാണ്. ആശുപത്രി കെട്ടിടങ്ങൾക്ക് പിന്നിലുള്ള പി.ജി കോട്ടേഴ്സ് റോഡിലും നായ ശല്യം രൂക്ഷമാണ്. ഡ്യൂട്ടി കഴിഞ്ഞ് ഒറ്റക്ക് ക്വാർട്ടേഴ്സിലേക്ക് പോകുവാൻ പേടിയാണെന്നാണ് പി.ജി വിദ്യാർത്ഥികൾ പറയുന്നത്. പി.ജി ക്വാർട്ടേഴ്സ് റോഡിൽ മുൻപ് ഒരു നെഴ്സിനും നായയെ കണ്ട് ഓടിയ ഒരു താത്ക്കാലിക തൊഴിലാളിക്കും പരിക്കേറ്റിരുന്നു. അത്യാഹിത വിഭാഗത്തിന് സമീപം വെച്ച് ഒരു നേവി ഉദ്യോഗസ്ഥനും കടിയേറ്റിരുന്നു.
ഭക്ഷണം കണ്ടാൽ പാഞ്ഞടുക്കും
സന്ധ്യ കഴിഞ്ഞാൽ ആഹാരം വാങ്ങി വാർഡിലേക്കു വരുവാൻ പേടിയാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ
ആശുപത്രി പരിസരത്ത് പ്രഭാതസവാരി നടത്തുവാനെത്തുന്നവർക്കു നേരെയും നായകൾ പാഞ്ഞടുക്കാറുണ്ട്
നായ്ക്കളെ ഭയന്ന് ഒറ്റയ്ക്ക് നടക്കാതെ കൂട്ടത്തോടെയാണ് ഇപ്പോൾ പ്രഭാതസവാരിക്കാർ എത്തുന്നത്
നായ്ക്കളെ വന്ധ്യംകരിക്കുകയോ ഷെൽട്ടറുകളിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് ആവശ്യം
അമ്പലപ്പുഴ വടക്കു പഞ്ചായത്തിലുള്ള ആശുപത്രിയുടെ പരിസരത്തെ തെരുവുനായ ശല്യത്തിന്റെ പരിഹാരത്തിന് പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ല
- പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |