ആലപ്പുഴ: മലപ്പുറത്ത് ദേശീയപാത തകരാനിടയാകുകയും കരുവാറ്റയിലെ വാഹനാപകടത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതയിലെ സുരക്ഷാ പിഴവുകൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശം. കാലവർഷാരംഭത്തിന്റെ കൂടി പശ്ചാത്തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ദേശീയപാത നിർമ്മാണം നടക്കുന്ന മേഖലകളിൽ മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൂന്ന് ദിവസത്തിനകം സംയുക്ത പരിശോധന നടത്തി അപകടസാദ്ധ്യത സ്‌പോട്ടുകൾ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. സംയുക്ത പരിശോധനക്ക് ശേഷം അപകടങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദേശീയപാതയിൽ ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളിൽ പരിശോധന നടത്താൻ ഡിവൈ.എസ്.പിമാർക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർമ്മാണം നടക്കുന്ന മേഖലകളിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്ന് ആർ.ടി.ഒ അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ, ആലപ്പുഴ ആർ.ടി.ഒ ദിലു, ദേശീയപാത പ്രൊജക്ട് ഡയറക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |