ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് ആൺകുട്ടിയെന്ന് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ അഞ്ചംഗ മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി. ഇതോടെ ജനിച്ച് ആറ് മാസത്തിനൊടുവിൽ ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ്, സുറുമി ദമ്പതികളുടെ കുഞ്ഞിന് പേരുമിട്ടു...ഇസാൻ മുഹമ്മദ്. 2024 നവംബർ എട്ടിനാണ് സുറുമി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. കേട്ടുകേൾവിയില്ലാത്ത വിധം അസാധാരണത്വങ്ങളോടെയായിരുന്നു പിറവി. ഗർഭാവസ്ഥയിൽ നടത്തിയ പരിശോധനകളിൽ കുഞ്ഞിന്റെ വൈകല്യങ്ങൾ കണ്ടുപിടിക്കാൻ സ്കാൻ ചെയ്ത സ്വകാര്യ ലാബുകൾക്കോ, പരിശോധന നടത്തിയ കടപ്പുറം വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാർക്കോ സാധിച്ചിരുന്നില്ല. സർക്കാർ സർവീസിലുള്ള ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ കത്ത് ഒരുമാസത്തിലധികമായി സർക്കാരിന്റെ പരിഗണനയിലാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നിന്ന് നൽകിയ ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ ലിംഗം രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന് മാതാപിതാക്കൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് അഞ്ചംഗ മെഡിക്കൽ ബോർഡ് ചേർന്ന് കാരിയോടൈപ്പിംഗ് ജനിതക പരിശോധനയടക്കം നടത്തി ആൺകുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം പ്രൊഫസർമാരായ ഡോ.ഐ.റിയസ്, ഡോ.ഒ.ജോസ്, ഗൈനക്കോളി പ്രൊഫ ഡോ.പി.എസ്.അനസൂയ, പീഡിയാട്രിക് അസി പ്രൊഫ ഡോ.എ.എസ്.അൻഷ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ എന്നിവരായിരുന്നു മെഡിക്കൽ ബോർഡ് അംഗങ്ങൾ.
ഇസാൻ വീട്ടിലേക്ക്
ദീർഘനാളത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ഇസാൻ. ആശുപത്രിയിലേതിന് സമാനമായി സ്ഥിരമായ ഓക്സിജൻ സംവിധാനവും, അനുബന്ധ ഉപകരണങ്ങളുമായി കുഞ്ഞിനെ വൈകാതെ വീട്ടിലേക്ക് വിടാമെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായതിനാൽ ഓക്സിജൻ മെഷീൻ ഒഴിവാക്കാനാകില്ല. കുഞ്ഞിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തിരിക്കുന്നതിനാൽ ആശുപത്രി നേരിട്ടാണ് മെഷീന് ഓർഡർ നൽകിയിരിക്കുന്നത്. ഉപകരണങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിയ ശേഷം രണ്ട് ദിവസം ട്രയൽ നടത്തും. ഇതിന് ശേഷമാകും വീട്ടിലേക്ക് അയക്കുക. വീടിന് സമീപത്തെ പാലിയേറ്റിവ് കെയർ കേന്ദ്രത്തിൽ നിന്ന് നഴ്സുമാരുടെ സേവനവും ലഭ്യമാക്കുമെന്ന് ആശുപത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |