മാന്നാർ: നവവധുവിനും കൂട്ടർക്കും മൊഞ്ചേറുന്ന മൈലാഞ്ചി ഡിസൈനുകളൊരുക്കി പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുകയാണ് മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഇൻഷാ ഫാത്തിമയും ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ മൈക്രോ ബയോളജി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഖദീജാ ഹാറൂണും. ഹൈസ്കൂൾ തലം മുതൽ ഒപ്പന മൽസരത്തിൽ പങ്കെടുത്തും ടീമംഗങ്ങൾക്ക് മൈലാഞ്ചി അണിയിച്ച് കൊടുത്തും തന്റെ കലാവാസന തിരിച്ചറിഞ്ഞ ഇൻഷാ ഫാത്തിമ തന്റെ അമ്മാവന്റെ മകൾ ഖദീജയുമായി ചേർന്ന് സഹപാഠികളുടെയും വീട്ടുകാരുടെയും കൈകാലുകളിൽ വെറും നേരമ്പോക്കിനായി തുടങ്ങിയ മൈലാഞ്ചി ഡിസൈനിംഗ് ഇന്നിവർക്കൊരു വരുമാന മാർഗ്ഗമായി മാറുകയാണ്. ബന്ധുക്കളുടെ വിവാഹചടങ്ങുകളിൽ കല്യാണപ്പെണ്ണിന് മൈലാഞ്ചിയിൽ കവിത രചിക്കുന്ന ഇവരുടെ കലാവൈഭവം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ ഇവരെ തേടി എത്തിത്തുടങ്ങി. അതിനാൽ ഈ അവധിക്കാലത്തെ ഏറെ ദിനങ്ങളും ഈ വിദ്യാർത്ഥിനികൾക്ക് മൈലാഞ്ചി രാവുകളായിരുന്നു. അദ്ധ്യാപകരുടെയും സഹപാഠികളുടെയും പ്രോൽസാഹനമാണ് ഇവർക്ക് ആത്മവിശ്വാസം നൽകുന്നത്. ഇന്ത്യൻ, അറബിക് ഡിസൈനുകളെ സമന്വയിപ്പിച്ചുള്ള ഇന്തോ അറബിക് ഡിസൈനുകൾക്കാണ് ഏറെ പ്രിയമെന്നതിനാൽ അതിന് മുൻതൂക്കം നൽകിയാണ് ഇൻഷായും ഖദീജയും ഡിസൈനുകൾ ഒരുക്കുന്നത്.
അഞ്ചിൽ തുടങ്ങി പതിനഞ്ച് കടന്നു
മൈലാഞ്ചി ഇടുന്നതിന് ആദ്യമൊക്കെ റേറ്റ് പറയുവാൻ ഇൻഷയും ഖദീജയും തയ്യാറായിരുന്നില്ല. തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു പതിവ്. എങ്കിലും അയ്യായിരത്തിൽ കുറയാതെ ലഭിച്ചിരുന്നു. നാലഞ്ച് മണിക്കൂറോളം ഒരേ ഇരുപ്പിരുന്ന് ചെയ്യേണ്ട ജോലിക്ക് അത് മതിയാകില്ലായിരുന്നു. എന്നാൽ ഇന്ന് പതിനയ്യായിരം രൂപ കടന്നിരിക്കുകയാണ് ഇവരുടെ മൈലാഞ്ചി കരവിരുതിന്റെ വില. ഇവിടുത്തെ മാർക്കറ്റുകളിൽ ലഭിക്കുന്ന മൈലാഞ്ചി കോണുകളിൽ പലതും മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഗുണനിലവാരമുള്ള മുന്തിയ ബ്രാന്റ് മൈലാഞ്ചി കോണുകളും അനുബന്ധ ലേപനങ്ങളും മറ്റും വിദേശത്ത് നിന്നും ഓൺലൈൻ വഴി എത്തിച്ച് ഉപയോഗിക്കാൻ തുടങ്ങിയതോടെ ചെലവുമേറി. കല്യാണ നാളിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പേ മൈലാഞ്ചിയിട്ട് വധുവിനെ ഒരുക്കണം. നേരത്തെ എണ്ണം പറഞ്ഞുറപ്പിച്ചിട്ടുള്ള വധുവിന്റെ അടുത്ത ബന്ധുക്കൾക്ക് തുടർന്നുളള ദിവസങ്ങളിൽ മൈലാഞ്ചി ഇടുകയും വേണം. അതിനനുസരിച്ചുള്ള ഡിസൈനുകളും റേറ്റുമാണ് നിശ്ചയിക്കുന്നത്. നേഴ്സിംഗ് മേഖലയിൽ നല്ലൊരു ജോലിയാണ് സ്വപ്നമെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന മൈലാഞ്ചി കലാവിരുന്ന് ഒപ്പം കൊണ്ട് നടക്കാൻ തന്നെയാണ് തീരുമാനമെന്ന് ഇൻഷാ ഫാത്തിമയും ഖദീജാ ഹാറൂണും ഒരേ സ്വരത്തിൽ പറയുന്നു. മാന്നാറിലെ മാധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിലിന്റെയും സുരയ്യ ബഷീറിന്റെയും മകളാണ് ഇൻഷാ ഫാത്തിമ. മുഹമ്മദ് ഇഹ്സാൻ, ഹുസ്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. മാന്നാർ പുളിക്കലാലുമ്മൂട്ടിൽ ഹാറൂൺ മജീദിന്റെയും സാബിദ ഹാറൂണിന്റെയും മകളാണ് ഖദീജ ഹാറൂൺ. ഫാത്തിമ ഹാറൂൺ സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |