ആലപ്പുഴ : പതിവിലും നേരത്തെയെത്തിയ കാലവർഷത്തിന്റെയും കെടുതികളുടെയുമിടയിൽ ചരക്ക് കപ്പൽ അപകടം കൂടിയെത്തിയതോടെ തീരദേശമുൾപ്പെടെ ജില്ലയിലെ ജനജീവിതം ദുരിതപൂർണം. ശക്തമായ പ്രീമൺസൂൺ മഴയ്ക്ക് പിന്നാലെ കാലവർഷം കനക്കുകയും രണ്ടുപേരുടെ ജീവനെടുത്ത് കാറ്റും കടലാക്രമണവും ശക്തമാകുകയും ചെയ്തതാണ് ജീവിതം ദുരിതപൂർണമാക്കിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായുണ്ടായ അതിശക്തമായ മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളുൾപ്പെടെ വെള്ളക്കെട്ടിലകപ്പെട്ടിു. കാർഷിക-നിർമ്മാണ രംഗങ്ങളുൾപ്പെടെ തൊഴിൽ മേഖലകളും നിശ്ചലമായി.
അദ്ധ്യയനവർഷാരംഭത്തിന് ഒരാഴ്ചമുമ്പ് അപ്രതീക്ഷിതമായുണ്ടായ മഴയും കെടുതികളും കുടുംബ ബഡ്ജറ്റുകളെ താറുമാറാക്കി. കാലവർഷത്തിന് മുമ്പ് പൂർത്തിയാക്കാനുദ്ദേശിച്ചിരുന്ന കെട്ടിട നിർമ്മാണ പ്രവർത്തികളെല്ലാം താറുമാറായി. കാർഷിക രംഗത്ത് കരപ്രദേശങ്ങളിൽ തെങ്ങുകളുൾപ്പെടെയുള്ളവയ്ക്ക് തടംതുറക്കലും വളപ്രയോഗമുൾപ്പെടെയുള്ള പണികളും നിലച്ചു.
മഴയ്ക്കൊപ്പം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ ശക്തമായ കടൽ കയറ്റം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീരദേശ ജില്ലയായ ആലപ്പുഴയിലെ മത്സ്യബന്ധനമേഖലയെയും നിശ്ചലമാക്കി. ഇതിനിടെ തോട്ടപ്പള്ളിയിൽ നിന്നും 30 കി.മീറ്ററകലെ കപ്പൽചാലിൽ ചരക്കുകപ്പൽ മുങ്ങി അപകടകരമായ കണ്ടെയ്നറുകളടക്കം മുങ്ങുക കൂടി ചെയ്തതോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായ ചൊവ്വാഴ്ചയുൾപ്പെടെ തീരത്തെ മത്സ്യബന്ധനവും വിപണനവും കൂടുതൽ പ്രതിസന്ധിയിലായി. കടലാക്രമണത്തിൽ അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലും തൃക്കുന്നപ്പുഴയിലും വീടുകൾ ഉൾപ്പെടെ അപകടസ്ഥിതിയിലാകുകയും ചെയ്തിരിക്കെ കനത്ത മഴ മുന്നറിയിപ്പുകളും ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
വരുന്ന തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ ദിവസങ്ങളായി പണിയില്ലാതെ വീട്ടിലിരിപ്പായ സാധാരണക്കാരുടെ വീടുകളിൽ സ്കൂൾകുട്ടികൾക്ക് ബാഗും ബുക്കും കുടകളുമുൾപ്പെടെ വാങ്ങാനും വീട്ടുചെലവിനും പണമില്ലാതെ വലയുകയാണ്.
തീരദേശവാസികൾ പ്രതിന്ധിയിൽ
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ താഴ്ന്ന പ്രദേശങ്ങളും കൃഷി സ്ഥലങ്ങളും മുങ്ങിയതും ശക്തമായ കാറ്റും മരം വീഴ്ചയും കാർഷിക വിളകളുടെ നാശത്തിനും കാരണമായിട്ടുണ്ട്. കാലവർഷത്തിന് പിന്നാലെ ട്രോളിംഗ് നിരോധനം കൂടി വരാനിരിക്കെ തീരപ്രദേശത്തെ ജീവിതം കുടുതൽ ദുഷ്കരമാകാനാണ് സാദ്ധ്യത. കപ്പലിൽനിന്നും ഇന്ധനമോ രാസവസ്തുക്കളോ ചോരുകയോ കടലിൽ വ്യാപിക്കുകയോ ചെയ്യാനിടയുണ്ടെന്ന മുന്നറിയിപ്പ് മത്സ്യപ്രേമികളെ ആശങ്കയിലാക്കിയതോടെ വരും ദിവസങ്ങളിൽ മത്സ്യ വിപണിയെയും ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയും തീരവാസികൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |