ആലപ്പുഴ: പുഞ്ചകൃഷി നെല്ല് സംഭരണത്തിൽ നെൽവിലയായ 72.03 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിതുടങ്ങി. കാനറാ ബാങ്കിൽ നിന്ന് 3,090 കർഷകർക്കായി 35.18 കോടിയും എസ്.ബി.ഐയിൽ നിന്ന് 3,339 കർഷകർക്കായി 36.85 കോടി രൂപയുമാണ് ആദ്യ റൗണ്ടിൽ വിതരണം ചെയ്യുന്നത്.
മാർച്ച് 31 വരെ പേ ഓർഡർ ലഭിച്ച കർഷകരുടെ പണമാണ് വിതരണം ചെയ്യുന്നത്. ആദ്യ ഗഡുവായി സർക്കാർ അനുവദിച്ച 100 കോടിയുടെ വിതരണം പൂർത്തിയാക്കുന്നതിന് പിന്നാലെ അടുത്ത ഗഡുക്കളും അനുവദിച്ചാലേ ശേഷിക്കുന്ന കർഷകർക്കും പണം ലഭ്യമാക്കാനാകൂ.
പതിവിലും നേരത്തെയെത്തിയ കാലവർഷവും സ്കൂൾ തുറപ്പും കർഷകരെ വട്ടം കറക്കുന്നതിനിടെ ഭാഗികമായെങ്കിലും നെല്ലിന്റെവില വിതരണം ആരംഭിച്ചത് നേരിയ ആശ്വാസത്തിനിടയാക്കിയിട്ടുണ്ട്.
നൂറ് കോടിയുടെ വിതരണം അവസാനിക്കുമ്പോഴേക്കും അടുത്ത ഗഡു പണം അനുവദിക്കാമെന്ന സർക്കാർ ഉറപ്പിൽ ഏപ്രിൽ മാസത്തിൽ നെല്ല് കൈമാറിയ കർഷകരുടെ പേ ഓർഡറുകളിലും പണം അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നും അടുത്ത ഗഡു ലഭിച്ചാൽ മാത്രമേ ഇവർക്ക് പണം ലഭിക്കൂ. ഏപ്രിൽ , മേയ് മാസങ്ങളിലാണ് പുഞ്ചക്കൃഷിയുടെ പകുതിയിലധികം നെല്ലും സംഭരിക്കപ്പെട്ടത്.
അടുത്ത ഗഡുക്കളും അനുവദിക്കണം
കൂലിച്ചെലവിലും വളത്തിന്റെയും വിത്തിന്റെയും വിലയിലുമുൾപ്പെടെയുണ്ടായ വർദ്ധന ശരിക്കും ഈ സീസണിലാണ് കർഷകരെ ബാധിക്കുന്നത്
പമ്പിംഗ് ലേലം പൂർത്തിയായ പാടങ്ങളിലെല്ലാം ഉഴീലുൾപ്പെടെയുള്ള ജോലികൾ നടന്നുവരികയാണ്.
ഒരേക്കർ നിലമുള്ള കർഷകന് വിതവരെ പമ്പിംഗും നിലമൊരുക്കലും വരമ്പ്കുത്തും വിത്തുമെല്ലാം കൂടി പാട്ടത്തുകയ്ക്ക് പുറമേ 7000 രൂപവരെ ചെലവ് വരും
ജൂണിലാണ് വിത തുടങ്ങേണ്ടത്. നെല്ലിന്റെ വിലയോ കൈകാര്യ ചെലവോ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല
പമ്പിംഗ് സബ്സിഡിയുൾപ്പെടെ കുടിശികയായി തുടരവെ ചെലവുകൾക്ക് മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്നറിയാതെ വലയുകയാണ് കർഷകർ
വിതരണം ചെയ്യുന്നത്
₹72.03 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |