ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥിനിയുടെ ദാരുണ മരണത്തിനിടയാക്കിയ തട്ടുകട ഉൾപ്പടെ നൂറിലധികം താൽക്കാലിക കടകൾ പ്രവർത്തിക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെ. അടിയന്തര സാഹചര്യത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് വേഗത്തിൽ മാറ്റുന്നതിന് ചക്രങ്ങളോടുകൂടിയുള്ള കടകളായിരിക്കണം പ്രവർത്തിക്കേണ്ടതെന്നതാണ് ജില്ലാ തുറമുഖ വകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം.
എന്നാൽ, അപകടത്തിനിടയാക്കിയ തട്ടുകട ഉൾപ്പടെയുള്ളവയെല്ലാം ഹോളോബ്രിക്സിനു മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നുമാത്രമല്ല, ഭാരമുള്ള ഇരുമ്പ് ഷീറ്റ്, കുടകൾ, സോളാർ പാനലുകൾ എന്നിവയും കടകൾക്ക് മുകളിൽ നിയമവിരുദ്ധമായി
സ്ഥാപിച്ചിട്ടുണ്ട്. എല്ലാ കടകളുടെയും പോർട്ട് ഓഫീസിൽ നിന്നുള്ള ലൈസൻസ് കാലാവധി 25ന് അവസാനിച്ചിരുന്നു.തൊട്ടടുത്ത ദിവസമാണ് ശക്തമായ കാറ്റിൽ തട്ടുകട മറിഞ്ഞുവീണ് വിദ്യാർത്ഥിനി മരിച്ചത്.
വ്യാപാരികളിൽ നിന്ന് ലൈസൻസിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. മുന്നൂറോളമുണ്ട് അപേക്ഷകൾ. ഏതെല്ലാം കടകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്നും പുതിയ അപേക്ഷകൾ പരിഗണിക്കണോയെന്നും അടുത്ത ആഴ്ച തുറമുഖവകുപ്പ് തീരുമാനിക്കും.
ബീച്ചിലെ വ്യാപാരികൾ തമ്മിലുള്ള തർക്കം പതിവായ സാഹചര്യത്തിൽ, അടുത്ത കരാർ പുതുക്കുന്ന സമയത്ത് കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രം ലൈസൻസ് നൽകിയാൽ മതിയെന്ന് തുറമുഖവകുപ്പ് അധികൃതർ തീരുമാനിച്ചിരുന്നു.
ബീച്ചിലെ
തട്ടുകടകൾ: 117
പരിശോധന കർശനമാക്കും
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള തട്ടുകടകൾക്ക് മാത്രം ലൈസൻസ് നൽകാൻ ആലോചന
എല്ലാ കടകളും ഉരുളുന്ന ചക്രത്തിലായിരിക്കണം
കടകളിൽ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകൾ പാടില്ല
ജീവിക്കാൻ മാർഗ്ഗമില്ലാത്തവർക്ക് മുൻഗണന
ലൈസൻസ് നേടിയ ശേഷം കട വാടകയ്ക്ക് നൽകാൻ പാടില്ല
അനുവദിക്കുന്ന സോണിൽ മാത്രം പ്രവർത്തനാനുമതി
15 ദിവസം കൂടുമ്പോൾ പരിശോധന
മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ ലൈസൻസ് പുതുക്കി നൽകു. എല്ലാ കടകളും നാല് വീൽ വണ്ടിയായിരിക്കണം
- ആർ.ബിനു, പോർട്ട് കൺസർവേറ്റർ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |