ഹരിപ്പാട് : മഴയിലും ശക്തമായ കാറ്റിലും കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. താലൂക്കിലെ നിരവധി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ വീയപുരത്ത് നിരവധി വീടുകളുടെ മുകളിൽ മരംവീണ് മേൽക്കൂര പൂർണ്ണമായും നശിച്ചു.
2ാംവാർഡിൽ നടുലവീട്ടിൽ എൻ.എ.ബഷീർകുട്ടിയുടെ വീടിന് മുകളിൽ ആഞ്ഞിലി മരം വീണു. ബഷീർകുട്ടിക്ക് തലയ്ക്ക് പരിക്കേറ്റു.
ഏഴരപ്പറയിൽ ബേബിയുടെ വീടിന് മുകളിൽ തേക്ക് മരംവീണു. മാർത്താണ്ഡംപറമ്പിൽ സജിയുടെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. വടക്കേപറമ്പിൽ അനിയുടെ വീടിന് മുകളിൽ പുളിമരം വീണു. പോളത്തുരുത്തേൽ അമ്മിണിയുടെ വീടിന് മുകളിൽ ആഞ്ഞിലി മരം വീണു. പുത്തിലപറമ്പ്, എടത്വ റോഡ്, തോപ്പിൽപടി എന്നിവിടങ്ങളിൽ വൈദ്യുതി ലൈനിൽ മരംവീണ് കമ്പികൾ പൊട്ടി.
13ാംവാർഡിൽ കോയിക്കൽ ജംഗ്ഷനിൽ മരം നിലം പതിച്ചു. ഉമാച്ചേരിൽ നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇന്നലെ വൈകിട്ട് നാലുമണിക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുതന മൂന്നാം വാർഡ് കണ്ണമാലിൽ ബേബിയുടെ വീടിന് മുകളിലേക്ക് സമീപ പുരയിടത്തിൽ നിന്ന വലിയ പാലമരം പിഴുത് വീണു. ശബ്ദം കേട്ട് ബേബിയും ഭാര്യയും പുറത്തേക്കിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശാസ്താമുറി ആയാപറമ്പ് റോഡിൽ മരം ഒടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റ് ഒടിയുകയും ഗതാഗത തടസം ഉണ്ടാകുകയും ചെയ്തു. കരുവാറ്റ 14ാം വാർഡിൽ കണത്തറയിൽ രാജപ്പന്റെ വീടിന് മുകളിൽ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് കുമാരകോടിയ്ക്ക് തെക്ക്, വീയപുരം പഞ്ചായത്ത് കിഴക്കൻ മേഖല, ചെറുതന പഞ്ചായത്ത് വടക്കൻ പ്രദേശം, കരുവാറ്റ ലീഡിംഗ് ചാനലിന് വടക്ക് ഭാഗം, കുമാരപുരം പഞ്ചായത്ത് പടിഞ്ഞാറൻ മേഖല, പള്ളിപ്പാട് പഞ്ചായത്ത് കിഴക്കൻ മേഖല എന്നിവിടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കരുവാറ്റ 15ാം വാർഡിൽ പുത്തൻ പറമ്പിൽ സജിതയുടെ വീടിന് മുകളിൽ മാവ് വീണ് വീടിന് നാശനഷ്ടമുണ്ടായി. പത്തിയൂർ വില്ലേജിൽ തുഷാരം വീട്ടിൽ സന്തോഷിന്റെ വീട് ആഞ്ഞിലി മരം വീണ് ഭാഗികമായി തകർന്നു. ചേപ്പാട് വില്ലേജിൽ വലിയകുഴി പൊൻവേലിൽതറയിൽ സുനിതയുടെ ഓട് മേഞ്ഞ വീടിനു മുകളിലേക്ക് പ്ലാവ് കട പുഴകി വീണ് ഭാഗികമായ നാശനഷ്ടം ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |