മാന്നാർ : വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും മാന്നാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. വൻമരങ്ങൾ കടപുഴകി വീണ് നിരവധി വീടുകളാണ് പൂർണ്ണമായും ഭാഗികമായും തകർന്നത്. മരങ്ങൾ വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും 33 കെ.വി ഉൾപ്പെടെയുള്ള ലൈനുകൾ പൊട്ടി വീണും വൈദ്യുതി നിലച്ചതോടെ നാട് ഇരുട്ടിലായി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടിയാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശി അടിച്ചത്. മാന്നാർ നായർ സമാജം സ്കൂളിന് മുൻവശത്ത് നിന്ന വലിയ ബദാം മരം വീണ് സമീപത്തുള്ള ജ്യൂസ് ബേ എന്ന സ്ഥാപനത്തിന്റെ മുൻഭാഗം തകർന്നു. കടയുടെ മുകളിൽ സ്ഥാപിച്ച ഷീറ്റുകളും ബോർഡുകളും തകർന്നു വീണു. ഈ സമയം കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചു മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മാന്നാർ കുറ്റിയിൽ മുക്കിന് സമീപത്തുള്ള ഡോക്ടേഴ്സ് മെഡിക്കൽ സെന്ററിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റുകൾ ചുഴലിക്കാറ്റിൽ പറന്നു വീണു.
മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലാണ് കാറ്റും മഴയും കൂടുതൽ നാശംവിതച്ചത്. ഒന്നാം വാർഡ് വള്ളക്കാലിൽ പാലമൂട്ടിൽ പമ്പ് ഹൗസ് റോഡ്, വള്ളക്കാല കുരിശിന് തെക്കോട്ടുള്ള റോഡിൽ അങ്കണവാടിക്ക് മുൻവശം, വാലുചിറ - കല്ലുപുരയ്ക്കൽ റോഡ് എന്നിവിടങ്ങളിൽ വലി മരങ്ങൾ വീണ് നിരവധി പോസ്റ്റുകളാണ് ഒടിഞ്ഞത്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്ന തേക്ക്, പുളി, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗത തടസം ഉണ്ടായി. പുത്തൻപുരയ്ക്കൽ അലക്സിന്റെ വീടിന് മുകളിലേക്ക് മരം വീണ് ഓടുകൾ തകർന്നു. മൂന്നാം വാർഡിൽ കടമ്പാട്ട് കിഴക്കേതിൽ ഹനീഫ, ആലയിൽ കലേശൻ, കറുകയിൽ ജിജോ എന്നിവരുടെ വീടുകൾക്കും മരങ്ങൾ വീണ് നാശനഷ്ടങ്ങൾ ഉണ്ടായി. പാവുക്കര കരയോഗം യുപി സ്കൂളിന് വടക്കുവശം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന വലിയ മാവ് കടപുഴകി റോഡിലേക്ക് വീണു നിരവധി പോസ്റ്റുകൾ ഒടിയുകയും ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി.
മരങ്ങൾ കടപുഴകി, ഗതാഗതതടസം
കുരട്ടിക്കാട് ഇരമത്തൂർ, വിഷവർശ്ശേരിക്കര, കുട്ടമ്പേരൂർ, കുളഞ്ഞിക്കാരാഴ്മ തുടങ്ങിയ ഭാഗങ്ങളിലും മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബുധനൂർ, ചെന്നിത്തല, പരുമല ഭാഗങ്ങളിലും കനത്ത കാറ്റ് ഏറെ നാശംവിതച്ചു. മാന്നാർ- ചെങ്ങന്നൂർ റോഡിൽ പരുമല പാലച്ചുവട് ജംഗ്ഷനിൽ പാലമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനൂർ കടമ്പൂരിൽ നിരവധി വീടുകൾക്ക് മരങ്ങൾ വീണ് നാശനഷ്ടം ഉണ്ടായി. പല ഗ്രാമീണ റോഡുകളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ ജനപ്രതിനിധികളും നാട്ടുകാരും അഗ്നിശമന സേനയെ വിളിക്കാൻ ശ്രമിച്ചെങ്കിലും പല ഭാഗങ്ങളിലും അപകടങ്ങൾ ഏറെ സംഭവിച്ചതിനാൽ എല്ലായിടത്തും എത്തുവാൻ അവർക്ക് കഴിയുമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |